ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേയ്ക്ക് ബൈക്ക് ഓടിച്ചു കയറ്റി: കോവളത്ത് രണ്ടുപേർ അറസ്റ്റിൽ
ഷീബ വിജയൻ
തിരുവനന്തപുരം: കോവളത്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സുരക്ഷാ വാഹനവ്യൂഹത്തിലേക്ക് (മോട്ടോർകേഡ്) ബൈക്ക് ഓടിച്ചു കയറ്റിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ ഷക്കീർ, നാദിർഷാ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ബാലരാമപുരത്ത് നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഉപരാഷ്ട്രപതി തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. തിരുവല്ലം ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന ബൈക്ക് കോവളം ജംഗ്ഷനിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും സിഗ്നൽ മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു.
ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും കൺട്രോൾ റൂം വാഹനങ്ങളും പിന്തുടർന്ന് കാഞ്ഞിരംകുളത്തു വെച്ചാണ് യുവാക്കളെ സാഹസികമായി പിടികൂടിയത്. പിടിയിലായ രണ്ടുപേരും കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവർക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും സുരക്ഷാ വീഴ്ച വരുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
sdfsdf

