ഇന്ത്യൻ സ്കൂൾ ജനറൽ ബോഡിയിലെ ഏകപക്ഷീയ നടപടികൾ അംഗീകരിക്കാനാവില്ല: യു.പി.പി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ കാറ്റിൽപ്പറത്തി തികച്ചും ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നടപടികളാണ് ഭരണസമിതി കൈക്കൊണ്ടതെന്ന് യുണൈറ്റഡ് പേരന്റ്സ് പാനൽ (യു.പി.പി) വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. രക്ഷിതാക്കൾ ഉന്നയിച്ച അഭിപ്രായങ്ങളും എതിർപ്പുകളും കേൾക്കാൻ ഭരണസമിതി തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് ധൃതിപിടിച്ച് ഇത്തരമൊരു യോഗം വിളിച്ചുചേർത്തതെന്ന് പൊതുസമൂഹത്തോടും രക്ഷിതാക്കളോടും വ്യക്തമാക്കണമെന്ന് യു.പി.പി ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിനിടെ സംസാരിക്കാൻ മുതിർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ തടയുകയും, ജനറൽ ബോഡിയെ അഭിസംബോധന ചെയ്യാൻ മുന്നോട്ടുവന്ന വനിതാ സ്റ്റാഫ് പ്രതിനിധിയും മുതിർന്ന അധ്യാപികയുമായ അംഗത്തോട് ചെയർമാൻ ദേഷ്യപ്പെടുകയും അവരെ പുറത്തുപോകാൻ നിർബന്ധിതയാക്കുകയും ചെയ്തു. ഇത് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മഹത്തായ സ്ഥാപനത്തിന് വൻ കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും യുപിപി ഭാരവാഹികൾ പറഞ്ഞു.

ഫീസ് കുടിശ്ശിക തിരിച്ചുപിടിക്കാൻ പ്രായോഗിക നിർദേശങ്ങൾ കണ്ടെത്തുന്നതിന് പകരം, രണ്ടു മാസത്തിൽ താഴെ മാത്രം കുടിശ്ശികയുള്ള രക്ഷിതാക്കൾക്ക് പോലും ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശം നിഷേധിച്ചു. ഇത് സാധാരണക്കാരായ പ്രവാസി രക്ഷിതാക്കൾക്ക് കൊടുത്ത ഇരുട്ടടിയാണ്. സി.ആർ വിഷയത്തിൽ സ്കൂളിന്റെ പേരിൽ തന്നെ സി.ആർ എടുക്കാൻ രക്ഷിതാക്കൾ ഒന്നടങ്കം തീരുമാനമെടുത്തു. എന്നാൽ പ്രാർത്ഥനാ ഇടവേളയ്ക്ക് ശേഷം യോഗം പുനരാരംഭിച്ചപ്പോൾ, യാതൊരു ചർച്ചയുമില്ലാതെ "ഭരണഘടന മാറ്റാൻ നമ്മൾ തീരുമാനമെടുത്തു" എന്ന് ചെയർമാൻ പൊടുന്നനെ പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതിനെതിരെ രക്ഷിതാക്കൾ ശക്തമായി പ്രതിഷേധിച്ചതോടെ ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി യോഗനടപടികൾ പൂർത്തിയാക്കാതെ ചെയർമാൻ ഇറങ്ങിപ്പോയി. പിന്നീട് രക്ഷിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് തിരിച്ചെത്തിയെങ്കിലും, ഭേദഗതി കരടിലെ അക്ഷരത്തെറ്റുകളും ഗുരുതര വീഴ്ചകളും ചൂണ്ടിക്കാണിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഭരണസമിതിക്ക് സാധിച്ചില്ല. ഭരണഘടനാ ഭേദഗതിയിൽ വ്യക്തമായ തീരുമാനമെടുക്കാതെയും, നാലാമത്തെ അജണ്ടയായ കെട്ടിട നിർമ്മാണം അവതരിപ്പിക്കുകയോ വിശദീകരിക്കുകയോ ചെയ്യാതെയും യോഗം പൊടുന്നനെ അവസാനിപ്പിക്കുകയായിരുന്നുവെന്നും യുപിപി ഭാരവാഹികൾ കുറ്റപ്പെടുത്തി.

രക്ഷിതാക്കളുടെ നിർദേശപ്രകാരം ഭരണഘടന ചർച്ച ചെയ്യാൻ മറ്റൊരു മീറ്റിംഗ് ഉടൻ വിളിക്കാമെന്ന് വ്യക്തമാക്കിയാണ് വെള്ളിയാഴ്ചത്തെ പ്രത്യേക ജനറൽ ബോഡി അവസാനിപ്പിച്ചത്. എന്നാൽ എല്ലാ അജണ്ടകളും പാസ്സായി എന്നറിയിച്ചുകൊണ്ട് സ്കൂളിൽ നിന്ന് പുതിയ സർക്കുലർ ഇറക്കിയത് രക്ഷിതാക്കളെയും ഭരണഘടനയെയും വഞ്ചിക്കുന്ന നിലപാടാണ്. ഇത്തരത്തിലുള്ള ഏകപക്ഷീയ നടപടികൾക്ക് യാതൊരു സാധുതയുമില്ലെന്നും, ഉടൻ തന്നെ മറ്റൊരു ജനറൽ ബോഡി മീറ്റിംഗ് വിളിച്ച് ജനാധിപത്യപരമായ രീതിയിൽ രക്ഷിതാക്കളുടെ അംഗീകാരം തേടണമെന്നും യു.പി.പി ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ ഖിലർ വലിയകത്ത്, എഫ്.എം. ഫൈസൽ, ഡോക്ടർ ശ്രീദേവി, ഫിലിപ്പ് കറുകച്ചാൽ, ചന്ദ്രബോസ്, ഷിബിൻ തോമസ്, റെജീന ഇസ്മായിൽ, സന്ധ്യ സതീഷ്, ഫഹദ് എന്നിവർ പങ്കെടുത്തു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed