മേഖലാ സുരക്ഷയ്ക്കും സഹകരണത്തിനും ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണം: ഐക്യരാഷ്ട്രസഭയിൽ ആഹ്വാനം ചെയ്ത് ബഹ്റൈൻ
പ്രദീപ് പുറവങ്കര
ന്യൂയോർക്ക്: പ്രാദേശിക സുരക്ഷാ-മാനുഷിക വെല്ലുവിളികൾ നേരിടുന്നതിന് ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ ശക്തമായ ഐക്യദാർഢ്യവും സംയുക്ത നീക്കവും ആവശ്യമാണെന്ന് ബഹ്റൈൻ വ്യക്തമാക്കി. 81-ാമത് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയോട് (UNGA) അനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന ഒ.ഐ.സി (OIC) വിദേശകാര്യ മന്ത്രിമാരുടെ വാർഷിക കോർഡിനേഷൻ യോഗത്തിലാണ് ബഹ്റൈൻ നിലപാട് വ്യക്തമാക്കിയത്.
ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടർ ജനറൽ അംബാസഡർ ശൈഖ് അബ്ദുള്ള ബിൻ അലി അൽ ഖലീഫ ബഹ്റൈനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു. പരമാധികാരത്തോടുള്ള ബഹുമാനം, വിദേശ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ ഒഴിവാക്കൽ, സമാധാനപരമായ ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കൽ എന്നിവയിലൂന്നിയുള്ള കൂട്ടായ്മയ്ക്കാണ് ബഹ്റൈൻ ആഹ്വാനം ചെയ്തത്.
ഇറാനിയൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച ബഹ്റൈൻ, യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2817 പൂർണ്ണമായി നടപ്പിലാക്കണമെന്നും ഹോർമുസിൽ അടക്കമുള്ള അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള ബഹ്റൈന്റെ അവകാശം അടിവരയിട്ട ശൈഖ് അബ്ദുള്ള, നയതന്ത്ര ശ്രമങ്ങളിലൂടെ സംഘർഷങ്ങൾ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
ഫലസ്തീൻ വിഷയത്തിൽ, 1967 ജൂൺ 4-ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാജ്യം രൂപീകരിക്കുന്നതിനുള്ള പിന്തുണ ബഹ്റൈൻ ആവർത്തിച്ചു. വെടിനിർത്തൽ ഉറപ്പാക്കൽ, മാനുഷിക സഹായങ്ങൾ എത്തിക്കൽ, പുനരധിവാസം എന്നിവയ്ക്ക് യോഗം ആഹ്വാനം ചെയ്തു.
sdfdfsdfsdfss

