സോഷ്യൽ മീഡിയയിലെ 'കുറഞ്ഞ നിരക്ക്' വിശ്വസിക്കരുത്; എ.സി സർവീസിംഗിൽ ജാഗ്രത വേണമെന്ന് അധികൃതർ
പ്രദീപ് പുറവങ്കര
മനാമ: ചൂട് കൂടിയതോടെ എ.സി സർവീസിംഗിനായി സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യങ്ങൾ കണ്ട് ടെക്നീഷ്യന്മാരെ വിളിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറഞ്ഞ നിരക്കിൽ സർവീസ് വാഗ്ദാനം ചെയ്യുന്ന പലരും മതിയായ പരിശീലനം ലഭിക്കാത്തവരാണെന്നും ഇത് എ.സികൾക്ക് കൂടുതൽ കേടുപാടുകൾ വരുത്താൻ കാരണമാകുന്നുണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്.
സോഷ്യൽ മീഡിയ പരസ്യം കണ്ട് എ.സി സർവീസിംഗിന് ആളെ വിളിച്ച ഒരു വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇതിന് ഉദാഹരണമാണ്. കുറഞ്ഞ നിരക്കിൽ സർവീസ് വാഗ്ദാനം ചെയ്തെത്തിയ നാലംഗ സംഘം അശ്രദ്ധമായാണ് എ.സി കൈകാര്യം ചെയ്തത്. ഗ്യാസ് നിറയ്ക്കുകയും വൃത്തിയാക്കുകയും ചെയ്തെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ എ.സിയിൽ നിന്ന് വെള്ളം ഒഴുകാനും തണുപ്പ് കുറയാനും തുടങ്ങി. ഇവർക്കെതിരെ വീട്ടമ്മ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
എ.സി സർവീസിംഗ് ലളിതമായ ഒന്നാണെന്ന് തോന്നുമെങ്കിലും ഗ്യാസ് നിറയ്ക്കുന്നതും പ്രഷർ പരിശോധിക്കുന്നതും കൃത്യമായ സാങ്കേതിക അറിവുള്ളവർ ചെയ്യേണ്ട കാര്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു. പഴയ ഗ്യാസുകളെ അപേക്ഷിച്ച് (R22), പുതിയ ഗ്യാസുകൾ (R32) ഉയർന്ന പ്രഷറിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്നും കൂളിംഗ് കെയർ 911 ഉടമ ഷിജു പറഞ്ഞു. ഗ്യാസ് കുറവാണെങ്കിൽ അത് വെറുതെ നിറയ്ക്കുന്നതിന് പകരം എവിടെയാണ് ലീക്ക് എന്ന് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലെ തെറ്റായ പരസ്യങ്ങളിൽ വീഴരുതെന്നും അംഗീകൃത സ്ഥാപനങ്ങളെ മാത്രം ഇത്തരം ജോലികൾ ഏൽപ്പിക്കണമെന്നും ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് സെക്യൂരിറ്റി വിഭാഗം പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഡിജിറ്റൽ ജാഗ്രത അത്യാവശ്യമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
rttert

