കപ്പൽ മലിനീകരണം കുറയ്ക്കാൻ ആഗോള ഉടമ്പടിയിൽ ചേർന്ന് ബഹ്‌റൈൻ; ശൂറ കൗൺസിൽ അംഗീകാരം നൽകി
പ്രദീപ് പുറവങ്കര
മനാമ: കപ്പലുകളിൽ നിന്നുള്ള പുക പുറന്തള്ളൽ നിയന്ത്രിക്കുന്നതിനുള്ള ആഗോള സമുദ്ര ഉടമ്പടിയിൽ (International Maritime Pact) ചേരാനുള്ള ബില്ലിന് ബഹ്‌റൈൻ ശൂറ കൗൺസിൽ അംഗീകാരം നൽകി. കപ്പലുകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനുള്ള 1973-ലെ അന്താരാഷ്ട്ര കൺവെൻഷന്റെ (MARPOL) ആറാം അനുബന്ധത്തിലാണ് (Annex VI) ബഹ്‌റൈൻ ഒപ്പുവെക്കുന്നത്. രാജ്യത്തെ തുറമുഖങ്ങളും ഷിപ്പ് ഓപ്പറേറ്റർമാരും സ്വകാര്യ മേഖലയും പുതിയ നിബന്ധനകൾ നടപ്പിലാക്കാൻ സജ്ജമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ തീരുമാനം.
കപ്പലുകളിലെ ഇന്ധനം, എൻജിനുകൾ എന്നിവയിൽ നിന്നുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള കർശനമായ നിയമങ്ങളാണ് ഈ ഉടമ്പടിയിലുള്ളത്. സാങ്കേതികമായും സാമ്പത്തികമായും ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ബഹ്‌റൈൻ സജ്ജമാണെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിലെ പോർട്ട് ആൻഡ് മാരിടൈം അഫയേഴ്സ് അണ്ടർസെക്രട്ടറി ബദർ ഹൂദ് അൽ മഹ്മൂദ് സഭയെ അറിയിച്ചു. നിലവിൽ ബഹ്‌റൈനിൽ രജിസ്റ്റർ ചെയ്ത 230 കപ്പലുകളിൽ 62 എണ്ണത്തിന് ഈ പുതിയ നിയമങ്ങൾ ബാധകമാകും.
അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ (IMO) ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും വോട്ടവകാശം ഉറപ്പാക്കാനും ഈ ഉടമ്പടിയിൽ ചേരുന്നത് വഴി ബഹ്‌റൈന് സാധിക്കും. കൃത്യമായ പഠനങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് ബഹ്‌റൈൻ ഈ നിർണ്ണായക തീരുമാനമെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
sdfsf

