ജനം മാറ്റത്തിനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ
ശാരിക l കേരളം
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചു. ഈ വിജയം ചിലർ തങ്ങളുടെ മിടുക്ക് കൊണ്ടുണ്ടായതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ജനം പൊറുതിമുട്ടി മാറ്റത്തിനായി ചെയ്ത വോട്ടാണിതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും യുഡിഎഫിനും ഈ ജനവികാരം ഗുണകരമായെന്നും പല ഉറച്ച കോട്ടകളിലും ജനങ്ങൾ മാറ്റത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് വെറുമൊരു ഭരണവിരുദ്ധ വികാരമല്ലെന്നും മറിച്ച് രാഷ്ട്രീയമായ ആഭ്യന്തര പ്രശ്നങ്ങളാണെന്നും അദ്ദേഹം നിരീക്ഷിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിച്ചാലും കുഴപ്പമില്ലെന്നും എന്നാൽ കഴിവും പരിചയവുമുള്ള വ്യക്തിയായിരിക്കണം ആ പദവിയിൽ എത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി ഡി സതീശന്റെ നിലപാടുകളോടുള്ള വിയോജിപ്പ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിനെ കോൺഗ്രസ് തീരുമാനിച്ചാൽ എൻഎസ്എസ് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമായിരിക്കുകയാണ്. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ ഗ്രൂപ്പ് നേതാക്കൾ ശ്രമങ്ങൾ തുടരുന്നു. കെ സി വേണുഗോപാൽ 45 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുമ്പോൾ, രമേശ് ചെന്നിത്തലയും വി ഡി സതീശനും 25 എംഎൽഎമാരുടെ വീതം പിന്തുണ പ്രതീക്ഷിക്കുന്നു. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്തെത്തി എംഎൽഎമാരെ നേരിൽ കാണും.
രര

