അക്രമസംഭവങ്ങളും നാശനഷ്ടങ്ങളും: പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്ക് മൂന്ന് വർഷം തടവ്
പ്രദീപ് പുറവങ്കര
മനാമ: തലസ്ഥാന നഗരിയിൽ നടന്ന അക്രമസംഭവങ്ങളിലും പൊതുമുതൽ നശിപ്പിച്ച കേസിലും ഉൾപ്പെട്ട മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജുവനൈൽ കോടതി മൂന്ന് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. മാതാപിതാക്കളുടെ മേൽനോട്ടമില്ലാത്തതാണ് കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് തിരിയാൻ കാരണമെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമാധാനാന്തരീക്ഷം തകർക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്ത കുട്ടികളെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടിയിരുന്നു. പ്രതികളുടെ പുനരധിവാസവും പെരുമാറ്റവും വിലയിരുത്തി ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈ ജുവനൈൽ റിഫോം കോടതി അധികൃതർക്ക് നിർദ്ദേശം നൽകി.
കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിനുള്ള ഉത്തരവാദിത്തം വളരെ വലുതാണെന്നും മാതാപിതാക്കളുടെ അശ്രദ്ധ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് നിയമപരമായ എല്ലാ സുരക്ഷയും നൽകിക്കൊണ്ടാണ് ചോദ്യം ചെയ്യലും വിചാരണയും പൂർത്തിയാക്കിയതെന്ന് പ്രൊസിക്യൂഷൻ അറിയിച്ചു.
dfgdg

