ബഹ്‌റൈനിൽ ചാരപ്രവൃത്തിക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും കനത്ത ശിക്ഷ; അഞ്ച് പേർക്ക് ജീവപര്യന്തം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ കേസുകളിൽ പ്രതികളായവർക്ക് ജീവപര്യന്തം ഉൾപ്പെടെയുള്ള കനത്ത ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. വിദേശ ഇന്റലിജൻസ് ഏജൻസികളുമായി ചേർന്ന് ചാരപ്രവൃത്തി നടത്തിയ രണ്ട് കേസുകളിലായി അഞ്ച് പ്രതികൾക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) പ്രതികൾക്ക് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരിൽ അഫ്ഗാൻ പൗരന്മാരും ഉൾപ്പെടുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ബഹ്‌റൈനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ദൃശ്യങ്ങൾ പകർത്താനും പ്രതികൾ പണം കൈപ്പറ്റിയതായി അന്വേഷണത്തിൽ വ്യക്തമായി.

മറ്റൊരു കേസിൽ രാജ്യത്തിനെതിരായ ശത്രുതാപരമായ നീക്കങ്ങൾക്ക് പിന്തുണ നൽകിയ 24 പ്രതികൾക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവ് ശിക്ഷ വിധിച്ചു. അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തുക, നിരോധിത മേഖലകളുടെ ചിത്രങ്ങൾ പകർത്തുക, സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഡിജിറ്റൽ ഫോറൻസിക് പരിശോധനയിലൂടെ പ്രതികളുടെ കുറ്റം തെളിയിക്കപ്പെട്ടതായി പ്രോസിക്യൂഷൻ അറിയിച്ചു.

അഭിപ്രായസ്വാതന്ത്ര്യം നിയമപരമായ പരിധികൾക്കുള്ളിൽ നിന്ന് മാത്രമേ വിനിയോഗിക്കാവൂ എന്നും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാൻ അനുവദിക്കില്ലെന്നും വിധി പ്രസ്താവിക്കവെ അധികൃതർ വ്യക്തമാക്കി. ചാരപ്രവൃത്തി രാജ്യസുരക്ഷയ്ക്ക് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed