നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന സജി പിടിയിൽ
ഷീബ വിജയൻ I കേരളം
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി (43) പിടിയിലായി. ഞായറാഴ്ച വൈകീട്ട് മുതൽ ഒളിവിലായിരുന്ന ഇയാളെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഡ്രോണും ഡോഗ് സ്‌ക്വാഡും ഉപയോഗിച്ച് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.
പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മൂത്തമകൻ റെജി (48) എന്നിവരെ ഈ മാസം രണ്ടാം തീയതി മുതൽ കാണാതായിരുന്നു. ഇവരെ കൊന്നു കുഴിച്ചുമൂടിയതാണെന്ന സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്ന പറമ്പിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ സജി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ട മേരിക്കുട്ടിക്കും റെജിക്കുമൊപ്പമാണ് സജി താമസിച്ചിരുന്നത്. അച്ഛനെ എട്ടു വർഷം മുൻപ് കാണാതായതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇരുവരെയും കൊലപ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമാക്കാൻ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
dssdf



