സമുദ്ര സുരക്ഷാ ഭീഷണികൾ ആഗോള സമാധാനത്തിന് വെല്ലുവിളി: ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ന്യൂയോർക്ക്: സമുദ്ര സുരക്ഷയ്ക്ക് നേരെയുള്ള വർദ്ധിച്ചുവരുന്ന ഭീഷണികൾ ആഗോള വ്യാപാരത്തെയും സാമ്പത്തിക സുസ്ഥിരതയെയും അന്താരാഷ്ട്ര സമാധാനത്തെയും അപകടത്തിലാക്കുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ നടന്ന തുറന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൺപതിലധികം രാജ്യങ്ങൾ പങ്കെടുത്ത ചർച്ചയിൽ, അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിദിനം 90,000 കപ്പലുകൾ സഞ്ചരിക്കുന്ന ആഗോള സമുദ്രപാതകൾ ട്രില്യൺ കണക്കിന് ഡോളറിന്റെ വ്യാപാരത്തിന് അടിത്തറയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഊർജ്ജ സുരക്ഷ, ഭക്ഷ്യവിതരണം, മരുന്ന്, മാനുഷിക സഹായം എന്നിവയെ ഈ ഭീഷണികൾ സാരമായി ബാധിക്കുന്നുണ്ട്.
യുഎൻ സമുദ്ര നിയമങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കാനും നാവിക സ്വാതന്ത്ര്യം സംരക്ഷിക്കാനും ശക്തമായ ആഗോള സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനുണ്ടാകുന്ന വീഴ്ച ലോകത്തിന് നൂറുകണക്കിന് ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചടങ്ങിൽ സംസാരിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സമുദ്ര സുരക്ഷയിലെ അസ്ഥിരത ആഗോളതലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു.
dsggdfg



