ഡെലിവറി മേഖലയിൽ പഠനം വേണം: ബഹ്‌റൈനിൽ പാർലമെന്റ് അംഗങ്ങളുടെ നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ അതിവേഗം വളരുന്ന ഡെലിവറി സർവീസ് മേഖലയെക്കുറിച്ച് സമഗ്രമായ സർക്കാർ പഠനം വേണമെന്ന് അഞ്ച് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഡെലിവറി ഡ്രൈവർമാരുടെ എണ്ണത്തിലുണ്ടാകുന്ന അനിയന്ത്രിതമായ വർദ്ധനവ് വിപണിയുടെ സ്ഥിരതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാർ പ്രമേയം അവതരിപ്പിച്ചത്.
ഖാലിദ് ബുനാഖ്, ഹിഷാം അൽ അവാദി, സൈനബ് അബ്ദുൽ അമീർ, മുഹമ്മദ് അൽ മാരിഫി, അഹമ്മദ് അൽ സല്ലൂം എന്നീ എം.പിമാരാണ് പാർലമെന്റിൽ ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ ഉപഭോക്തൃ ആവശ്യം എത്രത്തോളമുണ്ടെന്നും എത്ര ഡ്രൈവർമാരെ ഉൾക്കൊള്ളാൻ വിപണിക്ക് സാധിക്കുമെന്നും കൃത്യമായി വിലയിരുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഡ്രൈവർമാരുടെ എണ്ണം, ലൈസൻസിംഗ് ചട്ടങ്ങൾ, തൊഴിൽ മാതൃകകൾ എന്നിവയെക്കുറിച്ച് വിശദമായ വിശകലനം നടത്തണം. കൃത്യമായ കണക്കുകളില്ലാതെ വിപണി മുന്നോട്ട് പോകുന്നത് സ്വദേശികളും വിദേശികളും തമ്മിലുള്ള തൊഴിൽ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും സേവനങ്ങളുടെ ഗുണനിലവാരം കുറയാൻ കാരണമാകുമെന്നും എം.പിമാർ മുന്നറിയിപ്പ് നൽകി. വിപണിയിലെ വെല്ലുവിളികൾ തിരിച്ചറിയാനും ലൈസൻസിംഗ് ചട്ടങ്ങൾ കൂടുതൽ വ്യക്തമാക്കാനും ഈ പഠനം സഹായിക്കുമെന്ന് ഖാലിദ് ബുനാഖ് പറഞ്ഞു.
dfgf



