ബ്ലെൻഡഡ് ലേണിംഗ് വിജയകരമെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഗവൺമെന്റ് സ്കൂളുകളിൽ നടപ്പിലാക്കിയ 'ബ്ലെൻഡഡ് ലേണിംഗ്' (Blended Learning) രീതി വിജയകരമായി തുടരുന്നതിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ സംതൃപ്തി രേഖപ്പെടുത്തി. നേരിട്ടുള്ള ക്ലാസുകളും ഓൺലൈൻ പഠനവും സംയോജിപ്പിച്ചുള്ള ഈ ഫ്ലെക്സിബിൾ മോഡൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അധ്യയന വർഷം ആരംഭിച്ചത് മുതൽ ഓൺലൈൻ ക്ലാസുകൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂളുകളിലെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനക്ഷമത മന്ത്രാലയം നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. നേരിട്ട് സ്കൂളിലെത്തി പഠിക്കാൻ താല്പര്യപ്പെട്ട വിദ്യാർത്ഥികൾക്കായി സ്കൂളുകളിൽ എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സാഹചര്യം പരിഗണിച്ച് പഠനരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ സംവിധാനം നൽകുന്നു. ഏതെങ്കിലും ഒരു രീതി മാത്രം നിർബന്ധമാക്കിയിരുന്നെങ്കിൽ പല കുടുംബങ്ങളും ബുദ്ധിമുട്ടിലാകുമായിരുന്നുവെന്നും മുൻഘട്ടങ്ങളിൽ ഈ മാതൃക ഫലപ്രദമാണെന്ന് തെളിഞ്ഞതാണെന്നും ഡോ. ജുമ ചൂണ്ടിക്കാട്ടി.
സ്കൂളിലും ഓൺലൈനായും ഒരേസമയം ക്ലാസുകൾ നടത്തുന്നതിനായി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ക്ലാസ് മുറികളുടെ പുനഃക്രമീകരണം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ ആഴ്ചകൾക്ക് മുൻപേ പൂർത്തിയാക്കിയിരുന്നു. വിദ്യാർത്ഥികളുടെ ഹാജർ നില കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ രക്ഷിതാക്കളുമായി സ്കൂൾ അധികൃതർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
asadsas



