സഭയിൽ 'സൊറ പറയൽ' വേണ്ട; എംപിമാർക്ക് കർശന താക്കീതുമായി സ്പീക്കർ ഓം ബിർള
ഷീബ വിജയൻ
സഭയ്ക്കുള്ളിലെ അനാവശ്യ സംസാരങ്ങൾക്കും അച്ചടക്കലംഘനത്തിനുമെതിരെ കർശന മുന്നറിയിപ്പുമായി ലോകസഭാ സ്പീക്കർ ഓം ബിർള. സഭാ നടപടികൾ പുരോഗമിക്കുന്നതിനിടെ അംഗങ്ങളും മന്ത്രിമാരും തമ്മിൽ ദീർഘനേരം സംസാരിച്ചിരിക്കുന്നത് സഭയുടെ അന്തസ്സിന് ചേർന്നതല്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
ഉച്ചയ്ക്ക് 12 മണിക്ക് 'സീറോ അവർ' ആരംഭിച്ചപ്പോഴാണ് സ്പീക്കർ തന്റെ അതൃപ്തി പരസ്യമാക്കിയത്. സഭയിൽ ഗൗരവകരമായ ചർച്ചകൾ നടക്കുമ്പോൾ ചില അംഗങ്ങളും മന്ത്രിമാരും അരമണിക്കൂറോളം സൊറ പറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അത്യാവശ്യ കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ സംസാരിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ സഭയെ ഒരു ചർച്ചാവേദിയാക്കി മാറ്റുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം അച്ചടക്കലംഘനം നടത്തുന്ന അംഗങ്ങളുടെ പേര് സഭയിൽ പരസ്യമായി വിളിച്ച് പറയേണ്ടി വരുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. സ്പീക്കർ ഒരാളുടെ പേര് വിളിച്ചു പറയുന്നത് സഭയിൽ താക്കീതായാണ് കണക്കാക്കുന്നത്.
ഇതോടൊപ്പം മുതിർന്ന അംഗമായ പപ്പു യാദവിനെയും സ്പീക്കർ ശാസിച്ചു. ചോദ്യോത്തരവേളയിൽ സ്പീക്കറുടെ കസേരയ്ക്ക് പുറംതിരിഞ്ഞു നിന്ന് സഹപ്രവർത്തകനോട് സംസാരിച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. മുതിർന്ന അംഗങ്ങളിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തമുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് ഓം ബിർള ഓർമ്മിപ്പിച്ചു.
adsadswadsas
