ബഹ്‌റൈനിൽ വൈദ്യുതി, ജല നിരക്കുകൾ വർദ്ധിപ്പിച്ചു; സ്വദേശികൾക്ക് ഇളവ് തുടരും
പ്രദീപ് പുറവങ്കര / മനാമ:
ബഹ്‌റൈനിൽ 2026 വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി, ജല നിരക്കുകൾ സർക്കാർ പ്രഖ്യാപിച്ചു. ജനുവരി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വിദേശികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഉൾപ്പെടെ സബ്‌സിഡി ആനുകൂല്യങ്ങൾ ഇല്ലാത്തവർക്കാണ് ഈ വർദ്ധനവ് ബാധകമാകുന്നത്. അതേസമയം, ബഹ്‌റൈൻ പൗരന്മാർക്ക് നിലവിലുള്ള നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പുതുക്കിയ നിരക്ക് പ്രകാരം സബ്‌സിഡി വിഭാഗത്തിൽ പെടാത്തവരുടെ വൈദ്യുതി നിരക്ക് കിലോവാട്ട് മണിക്കൂറിന് 29 ഫിൽസിൽ നിന്ന് 32 ഫിൽസായി ഉയരും. ജല നിരക്ക് ക്യൂബിക് മീറ്ററിന് 750 ഫിൽസിൽ നിന്ന് 775 ഫിൽസായിട്ടാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
വൈദ്യുതി, ജല ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട പുതിയ പിന്തുണാ സംവിധാനങ്ങൾ വികസിപ്പിക്കുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾ താൽക്കാലികമായി മാറ്റിവെക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ പൂർത്തിയാകുന്നതുവരെയാണ് ഈ തീരുമാനം. പുതിയ നിരക്കുകളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനായി രാജ്യത്തെ വൈദ്യുതി, ജല, സാമൂഹിക വികസന മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
