വൈ-ഫൈ സെവൻ സേവനവുമായി ഒമാൻ എയർപോർട്ട്സ് ലോകത്ത് ഒന്നാമത്
ഷീബ വിജയ൯
മസ്കത്ത്: യാത്രക്കാർക്ക് വൈ-ഫൈ സെവൻ സംവിധാനം പൂർണമായി നടപ്പാക്കിയ ലോകത്തിലെ ആദ്യ എയർപോർട്ട് ഓപറേറ്ററായി ‘ഒമാൻ എയർപോർട്ട്സ്’ മാറി. ഒമാനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇപ്പോൾ വൈ-ഫൈ സെവൻ സേവനം ലഭ്യമാണ്. അതിവേഗ ഇന്റർനെറ്റ് സേവനത്തിനൊപ്പം സുരക്ഷയും ഇത് ഉറപ്പുനൽകുന്നു. ലോകത്തിൽ ആദ്യമായി വൈ-ഫൈ സെവൻ സേവനം വിമാനത്താവളത്തിൽ ലഭ്യമാക്കുന്നതിൽ അഭിമാനിക്കുന്നതായി ഒമാൻ എയർപോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. ഡിപ്പാർച്ചർ ഹാളുകൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, റീട്ടെയിൽ മേഖലകൾ, റസ്റ്റാറന്റുകൾ തുടങ്ങി യാത്രക്കാരുടെയും എയർപോർട്ട് ഓപറേഷനുകളുടെയും പ്രധാന കേന്ദ്രങ്ങളിൽ വൈ-ഫൈ സെവൻ കണക്ഷൻ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. അതിവേഗ ബാൻഡ്‌വിഡ്ത്തും ആയിരക്കണക്കിന് ഉപയോക്താക്കളെ ഒരേസമയം കൈകാര്യം ചെയ്യാനുള്ള കഴിവുമുള്ള സാങ്കേതികവിദ്യയാണ് വൈ-ഫൈ സെവൻ. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം ദിവസേന 40,000ത്തിലധികം യാത്രക്കാർക്ക് വൈ-ഫൈ സെവൻ കണക്റ്റിവിറ്റി ഉപയോഗപ്പെടുത്താനാവും.
AxZXZXZ
