സുരക്ഷാ ലംഘനങ്ങൾ: സ്വകാര്യ സ്കൂളുകൾക്കെതിരെ കർശന നടപടി; പുതിയ നിയമത്തിന് ബഹ്റൈൻ പാർലമെൻ്റ് അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: സുരക്ഷാ മാനദണ്ഡങ്ങൾ, ലൈസൻസിങ്, ഫീസ് നിയന്ത്രണങ്ങൾ എന്നിവ ലംഘിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ വ്യക്തമാക്കി. ദീർഘകാലമായി നിലനിന്നിരുന്ന 1998-ലെ നിയമത്തിന് പകരമായി, 36 ആർട്ടിക്കിളുകളുള്ള സുപ്രധാന ബില്ലിന് ബഹ്റൈൻ പാർലമെൻ്റ് ഐകകണ്ഠ്യേന അംഗീകാരം നൽകിയതിന് പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
ആറു മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് എം.പിമാർ ഈ നിയമത്തിന് അംഗീകാരം നൽകിയത്. പുതിയ ചട്ടക്കൂടിൽ ലൈസൻസിങ്, മാനേജ്‌മെൻ്റ്, സാമ്പത്തിക സുതാര്യത, ഉത്തരവാദിത്തം എന്നിവക്കായി പുതിയതും കർശനവുമായ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങളും നൽകും. പാർലമെൻ്റിൻ്റെ പ്രതിവാര സെഷനിൽ സംസാരിച്ച മന്ത്രി, സ്വകാര്യ സ്കൂളുകൾ, നഴ്സറികൾ, കിന്റർഗാർട്ടനുകൾ എന്നിവിടങ്ങളിൽ ഇൻസ്പെക്ടർമാർ കണ്ടെത്തിയ ഗുരുതരമായ നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ അവതരിപ്പിച്ചു. സ്കൂൾ സൗകര്യങ്ങൾ നിയമവിരുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും, കാലഹരണപ്പെട്ട ഫയർ എക്‌സ്‌റ്റിംഗ്യൂഷറുകൾ, സുരക്ഷാ ജീവനക്കാരുടെ അഭാവം പോലുള്ള അപര്യാപ്തമായ അഗ്നിസുരക്ഷാ മുൻകരുതലുകളും കണ്ടെത്തിയിരുന്നു. "ഇത്തരം ഗുരുതരമായ ലംഘനങ്ങൾ നമ്മുടെ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാണ്," ഡോ. ജുമുഅ പറഞ്ഞു. സുരക്ഷ, സമഗ്രത, ഗുണമേന്മ എന്നിവയുടെ ഉയർന്ന നിലവാരം എല്ലാ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പിഴകൾ കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമല്ലെന്ന് മന്ത്രി സമ്മതിച്ചു. എന്നാൽ, പുതിയ നിയമത്തിൽ ശിക്ഷകൾ കർശനമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ ചെലവിൽ പൊതുജനങ്ങളെ അറിയിക്കൽ, സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കൽ, ജീവനക്കാരെ പിരിച്ചുവിടൽ, അല്ലെങ്കിൽ ഒരു ലക്ഷം ദിനാർ വരെ പിഴ എന്നിവ ശിക്ഷകളിൽ ഉൾപ്പെടുന്നു. ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയ ലംഘനങ്ങൾക്ക് സ്കൂളുകൾക്ക് ലൈസൻസ് സസ്പെൻഷൻ, ആറു മാസം വരെ മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണം, അല്ലെങ്കിൽ ലൈസൻസ് പൂർണ്ണമായി റദ്ദാക്കൽ എന്നിവ നേരിടേണ്ടിവരും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ ട്യൂഷൻ ഫീസിലോ പുതിയ ചാർജുകളിലോ മാറ്റം വരുത്താൻ അനുവാദമില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്കൂൾ ഫീസ് വർധനക്കുള്ള നിരവധി അപേക്ഷകൾ വ്യക്തമായ വിദ്യാഭ്യാസപരമായ പുരോഗതിയുടെ അഭാവം കാരണം തള്ളിക്കളഞ്ഞതായി അദ്ദേഹം പറഞ്ഞു. സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പുതിയ പാഠ്യപദ്ധതികൾ തുടങ്ങിയ വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ മാത്രമേ ഫീസ് വർധനക്കുള്ള നിർദേശങ്ങൾ അംഗീകരിക്കൂ. ഒരു സ്കൂൾ സ്റ്റേഷനറിക്കായി 400 ദീനാർ മുതൽ 500 ദീനാർ വരെ ഈടാക്കിയത് മന്ത്രാലയം തടഞ്ഞ സംഭവവും മന്ത്രി എടുത്തുപറഞ്ഞു. വിദ്യാഭ്യാസം വാറ്റിൽനിന്ന് ഒഴിവാക്കിയിട്ടും ഒരു സ്കൂൾ രക്ഷിതാക്കളിൽ നിന്ന് വാറ്റ് ഈടാക്കിയെന്ന എം.പി. ഡോ. അബ്ദുൽഹക്കീം അൽ ഷെനോയുടെ പരാതി അന്വേഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
പുതിയ നിയമം അംഗീകാരത്തിനായി ഇപ്പോൾ ശൂറാ കൗൺസിലിന് കൈമാറിയിട്ടുണ്ട്. ഇത് അംഗീകരിക്കുന്നതോടെ, നിലവിലുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ നിയമപ്രകാരം അവരുടെ നിലവിലെ പദവി ക്രമീകരിക്കേണ്ടിവരും.
