ദുരിതജീവിതത്തിനൊടുവിൽ കണ്ണൂർ സ്വദേശി ഹംസ നാട്ടിലേക്ക് മടങ്ങി; തുടർചികിത്സയ്ക്ക് തുണയായി 'ഹോപ്പ്'

പ്രദീപ് പുറവങ്കര
പക്ഷാഘാതം വന്ന് ഒന്നര മാസമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയായ ഹംസ നവത് ദുരിതജീവിതത്തിനൊടുവിൽ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം സ്വദേശത്തേക്ക് യാത്രയായത്. ബഹ്റൈനിലെ ഒരു സ്വകാര്യ ക്ളീനിംഗ് കമ്പനിയിൽ കഴിഞ്ഞ ഇരുപത് വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്ന 57 വയസ്സുകാരനായ ഹംസയ്ക്ക് ജോലിയിലിരിക്കെയാണ് പക്ഷാഘാതം സംഭവിച്ചത്. നാട്ടിലെ സാമ്പത്തിക ബാധ്യതകൾ കാരണമാണ് പ്രായമായിട്ടും ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും അദ്ദേഹം ബഹ്റൈനിൽ തുടർന്നത്.
ഹംസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം മുതൽ ബഹ്റൈനിലെ സാമൂഹ്യപ്രവർത്തക കൂട്ടായ്മയായ 'ഹോപ്പ്' അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ നൽകി വന്നിരുന്നു. സ്ട്രെച്ചറിൽ കിടത്തിക്കൊണ്ടുള്ള യാത്ര വേണ്ടിയിരുന്ന ഹംസയ്ക്ക്, ഹോപ്പ് പ്രവർത്തകരുടെ ഇടപെടലിലൂടെ കഴിഞ്ഞ ഒന്നര മാസത്തെ ഫിസിയോതെറാപ്പി നൽകി വീൽചെയറിൽ യാത്ര സാധ്യമാക്കാൻ കഴിഞ്ഞു. ഇതിനുപുറമെ, നാട്ടിലെ തുടർചികിത്സയ്ക്കായി സാമ്പത്തിക സഹായം നൽകുന്നതിനുള്ള ശ്രമങ്ങളും ഹോപ്പ് പ്രവർത്തകർ നടത്തി. ഹോപ്പ് അംഗങ്ങളായ സാബു ചിറമേൽ, അഷ്കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി, പുഷ്പരാജൻ, ഷാജി ഇളമ്പിലായി, റെഫീഖ് മുഹമ്മദ് എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
adswdsafdsfa