പൊതുമാപ്പ്: ഇന്ത്യക്കാർക്ക് 20 വരെ അപേക്ഷിക്കാം


കുവൈത്ത് സിറ്റി ∙പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്കാർ അപേക്ഷ സമർപ്പിക്കേണ്ട തീയതി 16 മുതൽ 20 വരെയാക്കി. 11 മുതൽ 15 വരെയുണ്ടായിരുന്നത് കഴിഞ്ഞ ദിവസം 20 മുതൽ 24വരെ ആക്കിയിരുന്നു. പിന്നീട് അത് 16മുതൽ 20വരെ തീയതികളിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യയിൽ വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് തീയതി മാറ്റാൻ കാരണം. ഇന്ത്യൻ എംബസി അധികൃതർ അത് സംബന്ധിച്ച് ഇന്നലെ കുവൈത്ത് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി മാറ്റിയെങ്കിലും അനധികൃത താമസക്കാരായ ഇന്ത്യക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഇന്ത്യയിലേക്ക് വിമാന സർവീസ് എന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പില്ലാത്തതാണ് കാരണം.
യാത്രാരേഖയായി പാസ്പോർട്ട് കൈവശം ഇല്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് സന്നദ്ധ പ്രവർത്തകർ മുഖേന ഇന്ത്യൻ എംബസി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 25000 പേർക്കെങ്കിലും എമർജൻസി സർട്ടിഫിക്കറ്റ് നൽകേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിന് എംബസി ഇതിനകം 18000 ഫോമുകൾ സന്നദ്ധപ്രവർത്തകരെ ഏൽ‌പിച്ചു. എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരെ കണ്ടെത്തി അപേക്ഷാഫോം നൽകുകയും പൂരിപ്പിച്ച ഫോം സന്നദ്ധപ്രവർത്തകർ മുഖേന തന്നെ എംബസിയിൽ എത്തിച്ചാൽ എമർജൻസി സർട്ടിഫിക്കറ്റ് തയാറാക്കുകയും ചെയ്യുക എന്നതാണ് എംബസി സ്വീകരിച്ചിട്ടുള്ള രീതി.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനുള്ള എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ഇന്ത്യൻ എംബസിയിൽ നൽകേണ്ട ഫീസ് (5 ദിനാർ) ഒഴിവാക്കിയേക്കും. വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ‌റെ ട്വീറ്റ് സന്ദേശമാണ് പ്രസ്തുത സൂചന നൽകുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് പാസ്പോർട്ട് കൈവശം ഇല്ലാത്തവർ യാത്രാരേഖയായി എംബസിയിൽനിന്ന് എമർജൻസി സർട്ടിഫിക്കറ്റ് സമ്പാദിക്കേണ്ടതുണ്ട്. സർട്ടിഫിക്കറ്റ് ലഭിക്കാൻ 5 ദിനാർ ആണ് ഫീസ്. ഫീസ് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

You might also like

Most Viewed