കോവിഡ്19: എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കും


തൃശൂർ: അടുത്ത അദ്ധ്യയന വർഷത്തിലെ വിദ്യാഭ്യാസ കലണ്ടറിൽ ചെറിയ രീതിയിലുള്ള ക്രമീകരണങ്ങൾ ഉണ്ടായേക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. അദ്ധ്യയന വർഷത്തെ കുറിച്ച് ആശങ്ക വേണ്ടെന്നും ക്ലാസുകളെല്ലാം കൃത്യമായി നടക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവർഷത്തിൽ കൃത്യമായി ക്ലാസുകളെടുത്ത് പൂർത്തിയാക്കാൻ സാധിക്കുമോ എന്ന് അദ്ധ്യാപകർ ആശങ്കപ്പെടേണ്ട. വിദ്യാഭ്യാസ കലണ്ടറിൽ കൃത്യമായി ക്രമീകരണങ്ങൾ കൊണ്ടുവരുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ നടക്കുമെന്ന് മന്ത്രി ആവർത്തിച്ചു. ലോക്ക്ഡൗണ്‍ പിൻവലിച്ച ശേഷം പരീക്ഷകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ എന്തായാലും നടക്കും. എപ്പോൾ എന്ന് കൃത്യമായി അറിയിക്കാൻ ഇപ്പോൾ സാധിക്കില്ല. അനുകൂലമായ സാഹചര്യം വരുമ്പോൾ പരീക്ഷകൾ എന്തായാലും നടത്തുമെന്നും മന്ത്രി പറഞ്ഞു.

പാഠപുസ്‌തകങ്ങൾ വെെകില്ലെന്നും പരീക്ഷ ഡ്യൂട്ടിക്കുപോയി ലക്ഷദ്വീപിൽ കുടുങ്ങിയ അദ്ധ്യാപകരെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്നാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളും നേരത്തെ മാറ്റിവച്ചത്. മാർച്ച് 19നും 31നും ഇടയിലുള്ള പരീക്ഷകൾ സിബിഎസ്‌ഇയും മാറ്റിവച്ചു.

You might also like

Most Viewed