രാജ്യാന്തര സമാധാനത്തിന് ചൈന-അറബ് സഹകരണം

കുവൈത്ത് സിറ്റി : ചൈന-അറബ് സഹകരണം നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കൂടിയാലോചനകൾക്കും അതുവഴി മേഖലയിലും രാജ്യാന്തര തലത്തിലും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും പ്രയോജനപ്പെടുമെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. ബെയ്ജിങ്ങിൽ ചൈന-അറബ് സഹകരണ ഫോറം സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അമീർ.
ചൈന-അറബ് സഹകരണ ഫോറത്തിന് ഒന്നരപ്പതിറ്റാണ്ട് പഴക്കമുണ്ട്. എന്നാൽ, ഫോറംലക്ഷ്യത്തിലെത്താൻ ഇനിയുമേറെ സഞ്ചരിക്കേണ്ടതുമുണ്ട്. അറബ് രാജ്യങ്ങൾ പലതും സംഘർഷാവസ്ഥയിലാണ്. മാറ്റമില്ലാതെ തുടരുന്ന പലസ്തീൻ ആണ് പ്രധാന വിഷയം. യെമൻ, സിറിയ, ലിബിയ, സൊമാലിയ എന്നിവിടങ്ങളിലെ കാര്യങ്ങളിൽ ചൈനയുടെ സഹായം ആവശ്യമാണെന്നും ഷെയ്ഖ് സബാഹ് പറഞ്ഞു.
യു.എൻ ചാർട്ടർ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുവാൻ ചൈനയുടെ ഇടപെടൽ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ചൈന-അറബ് ഫോറം പുതിയ തലങ്ങളിലേക്ക് നീങ്ങുമെന്നാണ് കരുതുന്നതെന്നും അമീർ പറഞ്ഞു.
ചൈനീസ് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയിൽ ഇരുസർക്കാരുകളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന വിവിധ കരാറുകളിലും, ഗൾഫ് മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്ന നിരവധി ധാരണ പത്രങ്ങളിലും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ ഒപ്പു വെച്ചു. തൊഴിൽ മേഖലയിൽ സഹകരണം സംബന്ധിച്ച കരാറിൽ കുവൈത്ത് തൊഴിൽ സാമൂഹ്യ മന്ത്രി ഹിന്ദ് അൽ സബീഹ് ആണ് ഒപ്പുവെച്ചത്. വ്യവസായ വാണിജ്യ മേഖലയിൽ ഒരു പുതിയ കാൽ വെപ്പിന് തുടക്കമായി ചൈന കുവൈത്ത് ഇൻഡസ്ട്രിയൽ ആൻഡ് ഹൈടെക് പാർക്ക് നിർമ്മിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ- ഒപ്പുവെച്ചു.