താജ്മഹൽ : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി : ലോകാത്ഭുതമായ താജ്മഹലിനോടുള്ള കേന്ദ്രസർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും അവഗണനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. താജ്മഹൽ ഒന്നുകിൽ സംരക്ഷിക്കണം. അല്ലെങ്കിൽ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. താജ്മഹലിൽ സമയബന്ധിതമായി അറ്റകുറ്റപ്പണി നിർവഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.
താജ്മഹൽ എങ്ങനെ സംരക്ഷിക്കാമെന്ന വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ പ്രതികരണത്തിൽ അതിയായ അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിമർശം. താജ്മഹലിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് ആശാവഹമല്ലെന്ന് സുപ്രീംകോടതി വിമർശിച്ചു. താജ്മഹലിന്റെ ശോഭ കെടുത്തുന്ന മലിനീകരണ സ്രോതസ് കണ്ടെത്താൻ പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകാൻ കോടതി ഉത്തരവിട്ടു. മലിനീകരണത്തിന്റെ തോത് നിർണയിക്കാനും ഇത് തടയാനുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാനും ഈ കമ്മിറ്റി ബാധ്യസ്ഥരായിരിക്കും.
യുറോപ്പിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈഫൽ ടവർ. നിരവധി പേരാണ് ഈഫൽ ടവർ കാണാൻ എത്തുന്നത്. എന്നാൽ നമ്മുടെ താജ്മഹൽ അതിനെക്കാൾ മനോഹരമാണ്. മികച്ച രീതിയിൽ പരിപാലിച്ചാൽ വിദേശ നാണ്യം വർദ്ധിപ്പിക്കാൻ സർക്കാരിന് സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.