ദുബൈയിൽ അപകട സ്ഥലത്ത് നോക്കിനിന്നാൽ ഇനി കനത്ത പിഴ

ദുബൈ : വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നോക്കി നിൽക്കുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് ദുബൈപോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദുബൈ -അൽഐൻ റോഡിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അമിത വേഗത്തിൽ വന്ന വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് ഒന്‍പത് പേർക്കാണ് പരിക്കേറ്റത്. എന്നാൽ അപകടം നടന്നയുടൻ നിരവധിപ്പേർ സ്ഥലത്ത് തടിച്ചുകൂടിയതോടെ പോലീസ് പട്രോളിംങ് സംഘത്തിനും ആംബുലൻസിനും സ്ഥലത്തെത്താന്‍ പ്രയാസപ്പെടേണ്ടിവന്നു.
അപരിഷ്കൃതമായ പ്രവൃ ത്തി യാണിതെന്നാണ് പോലീസ് വിശദീകരിച്ചത്. അപകടത്തിൽ പരിക്കേറ്റവരുടെയും മറ്റ് വാഹനങ്ങളി ലുള്ളവരുടെയും ജീവൻ അപകടത്തിലാവാൻ ഇത്തരക്കാർ കാരണമാവും. ഗതാഗതം തടസ്സപ്പെടുകയും പിന്നീട് ആംബുലൻസിന് പോലും സ്ഥലത്തെത്താൻ കഴിയാത്ത അവസ്ഥയുമുണ്ടാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അൽ ഐൻ ട്രാഫിക് ഡയറക്ടർ കേണൽ അഹമ്മദ് അൽ സുവൈദി അറിയിച്ചു.
അപകടസ്ഥലത്ത് എത്തിനോക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനുള്ള നിയമം 2017 മുതൽ രാജ്യത്ത് പ്രബല്യത്തിലുണ്ട്. പിഴ ശിക്ഷ 1000 ദിർഹമായി ഉയർത്തുകയാണ് ട്രാഫിക് അധികൃതർ ചെയ്തത്.