തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
കുവൈത്ത് സിറ്റി : ട്രാസ്കിന്റെ പുതിയ ഭാരവാഹികൾ, കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ബഹുമാന്യനായ ശ്രീ ജീവ സാഗറിനെ ഇന്ത്യൻ എംബസ്സിയിൽ സന്ദർശ്ശിച്ചു. ശ്രീ.ജീവ സാഗർ 2018 ഫെബ്രുവരി മുതൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ആണ്.
സന്ദർശ്ശനവേളയിൽ ട്രാസ്ക് ഭാരവാഹികൾ, ഇന്ത്യയിലും കുവൈറ്റിലുമായി കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി നടത്തി വരുന്ന പ്രവർത്തനങ്ങളെപ്പറ്റി വിവരിക്കുകയുണ്ടായി. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങൾ, അർഹരായ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായം, കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സ്വന്തമായി വീടുൾപ്പടെ പല രീതിയിൽ നടത്തിവരുന്ന ക്ഷേമപ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പുതിയ കമ്മിറ്റിയുടെ വിശദ വിവരങ്ങൾ കൈമാറുകയും ഈ പന്ത്രണ്ടാം വർഷത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് വിശദമാക്കുകയും ചെയ്തു. ഇന്ത്യക്കാരായ പ്രവാസികൾ കുവൈറ്റിൽ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളെക്കുറിച്ചും സംഘടനയുടെ ഭാഗത്തുനിന്നുകൊണ്ട് ഇടപെടേണ്ട വിഷയങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്യുകയുണ്ടായി.
2018 പ്രവർത്തന വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട ട്രാസ്ക് ഓഫീസ് ഭാരവാഹികൾ ആയ ശ്രീ. ബിജു കടവി (പ്രസിഡന്റ്), ശ്രീ. മനോജ് കുരുംബയിൽ (ജനറൽ സെക്രട്ടറി), ശ്രീ. ഹേമചന്ദ്രൻ മച്ചാട് (വൈസ് പ്രസിഡന്റ്), ശ്രീ. പൗലോസ് വി ഡി (ജോയിന്റ് സെക്രട്ടറി), ശ്രീമതി. ഷൈനി ഫ്രാങ്ക് (വനിതാവേദി ജനറൽ കൺവീനർ) എന്നിവർ ശ്രീ. ജീവ് സാഗറുമായുള്ള ചർച്ചയിൽ പങ്കെടുത്തു. അദ്ദേഹം ട്രാസ്കിന്റെ സംഘടനാ മികവിനേയും, ആത്മാർത്ഥമായ പ്രവർത്തനങ്ങളേയും പ്രശംസിക്കുകയും, ഇനിയും കൂടുതൽ സാമൂഹ്യ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.



