ഗാർഹിക തൊഴിൽ വകുപ്പ് മാറ്റം ഉടൻ പൂർത്തിയാകും : മന്ത്രി

കുവൈത്ത് സിറ്റി : ഗാർഹിക തൊഴിൽ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മാൻപവർ അതോറിറ്റിയുടെ കീഴിലേക്ക് മാറ്റുന്ന നടപടി ഉടൻ പൂർത്തിയാകുമെന്ന് സാമൂഹിക -തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. അത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുന്നതിന് ഒന്നര വർഷത്തെ കാലയളവാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ ഈ വേനലിൽ തന്നെ നടപടികൾ പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഗാർഹിക തൊഴിൽ വകുപ്പ് പ്രവർത്തിക്കുന്നത്. മറ്റുമേഖലയിലെ തൊഴിൽ വകുപ്പ് തൊഴിൽ മന്ത്രാലയത്തിനു കീഴിലുമാണ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നിയമത്തിന്റെ പരിരക്ഷയും ലഭിക്കുന്നില്ല.
അതു വഴി ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും അത് ചോദ്യം ചെയ്യാൻ അവസരം ഇല്ലാതാവുകയുമാണെന്ന പരാതി വ്യാപകമായുണ്ട്. ഈ സാഹചര്യത്തിലാണ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഗാർഹികതൊഴിൽ വകുപ്പും തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള മാൻപവർ അതോറിറ്റിയുടെ കീഴിലേക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആവശ്യമായ ഘടകമാണ് ഗാർഹിക തൊഴിലാളികൾ എന്നും അതുകൊണ്ടുതന്നെ ഗാർഹിക തൊഴിലാളികൾക്ക് അർഹമായ എല്ലാ പരിഗണനകളും ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയായി കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.
മാൻപവർ അതോറിറ്റിയുടെയും റിസ്ട്രക്ചറിങ് പ്രോഗ്രാമിന്റെയും പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്ന നടപടി പൂർത്തിയായിട്ടുണ്ട്. രണ്ട് മേഖലയിലും അവസരത്തിനുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചില്ലറ നടപടിക്രമങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതും താമസിയാതെ ശരിയാകുമെന്നും ഹിന്ദ് അൽ സബീഹ് പറഞ്ഞു.