പെരുന്നാൾ അവധി ആഘോഷമാക്കി പ്രവാസികൾ

ദുബൈ : പെരുന്നാൾ അവധി ആഘോഷമാക്കി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ. ആഘോഷങ്ങൾക്കായി വടക്കൻ എമിറേറ്റുകളിലേക്കും ഒമാനിലെ സലാലയിലേക്കും പോയതോടെ പല ബാച്ലേഴ്സ് ഫ്ലാറ്റുകളും കാലിയായി. ഫുജൈറയിലെയും റാസൽഖൈമയിലെയും മലയോര മേഖലകളിൽ രണ്ടുദിവസമായി വൻ തിരക്കനുഭവപ്പെടുന്നു. കൊടുംചൂട് ആയിട്ടും റാസൽഖൈമയിലെ ജബൽജെയ്സ് മലനിരകളിലേക്കും ഒമാൻ അതിർത്തിയിലുള്ള ഹത്തയിലേക്കും സന്ദർശക പ്രവാഹമായിരുന്നു.
ഫുജൈറ ഫ്രൈഡേ മാർക്കറ്റിൽ കച്ചവടം പൊടിപൊടിച്ചു. വടക്കൻ എമിറേറ്റുകളിലെ ബീച്ചുകളോടു ചേർന്ന ഹോട്ടൽ മുറികൾ ഹൗസ്ഫുൾ ആയി. സ്വകാര്യ മേഖലയിൽ ചില സ്ഥാപനങ്ങൾ ഇന്നും അവധി നൽകിയിട്ടുണ്ട്. ഫുജൈറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ശക്തമായ പൊടിക്കാറ്റ് വീശിയതു സന്ദർശകർക്കു ബുദ്ധിമുട്ടായി. ആഘോഷം മുറിക്കുള്ളിൽ ഒതുക്കി. യാത്രയിലായിരുന്നവർ വാഹനങ്ങൾ റോഡരികിൽ ഒതുക്കി പൊടി അടങ്ങാൻ കാത്തുകിടന്നു. മഴക്കുളിരേകി സലാല പെരുന്നാൾ അവധിക്ക് സലാലയിലേക്കു പോകുന്നത് പതിവാക്കിയവരുണ്ട്.
ഇതിനു സാന്പത്തിക നിലയാണു പ്രധാന ഘടകം. യാത്രയ്ക്കും താമസത്തിനും അത്യാവശ്യം ഷോപ്പിങ്ങിനുമുള്ള പണം മാസങ്ങൾക്കു മുന്പെ സ്വരൂപിക്കുന്നതാണ് പലരുടെയും ശീലം. സലാലയിൽ സുഹൃത്തുക്കൾ ഉള്ളവർക്ക് താമസത്തിനു പ്രശ്നമില്ല. ഗൾഫിൽ കൊടുംചൂട് ആണെങ്കിലും മരുഭൂമിയിലെ കേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന സലാലയിൽ മഴക്കാലമാണ്. പച്ച പുതച്ച മലനിരകൾ, മഞ്ഞുമൂടിയ താഴ്വാരങ്ങൾ, വിശാലമായ ഈന്തപ്പന-പച്ചക്കറി തോട്ടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവ സന്ദർശകരെ ആകർഷിക്കുന്നു.
മേകുനു ചുഴലിക്കൊടുങ്കാറ്റ് വൻ നാശം വിതച്ചെങ്കിലും റോഡുകളും മറ്റും യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കിയത് സഞ്ചാരികൾക്ക് അനുഗ്രഹമായി. വാദികളിലും തടാകങ്ങളിലും ജലനിരപ്പ് ഉയർന്നു. ബുറൈമിയും ഹത്തയും കടന്ന് സലാലയിലേക്കുള്ള യാത്ര സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നു. തോട്ടങ്ങളുടെ സമൃദ്ധിയുള്ള അതിർത്തി ഗ്രാമങ്ങളാണിവ. ഇവിടെയെല്ലാം പണിക്കാരായി ധാരാളം മലയാളികളുണ്ട്. കൃഷിയിടങ്ങളോടു ചേർന്ന വിശാലമായ ഷെഡ്ഡുകളിൽ വിശ്രമിക്കാൻ സൗകര്യമുണ്ട്.
വാദി ദർബാത്, മിർബാത്, ജബൽ സമ്ഹാൻ, അൽ ഫസായെ ബീച്ച്, സൂഖ് അൽ ഹഫ, ദോഫാർ മ്യൂസിയം എന്നിവ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നു. വെങ്കല ശിൽപങ്ങൾ, ശിലായുഗ കാലഘട്ടത്തിലെ ആഭരണങ്ങൾ, അപൂർവ ചിത്രങ്ങൾ എന്നിവ മ്യൂസിയത്തിലുണ്ട്. സലാലയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. മൺസൂൺ ഉത്സവമായ ഖരീഫ് ഫെസ്റ്റിവൽ തുടങ്ങുന്നതോടെ ഇനിയും തിരക്കു കൂടും. സന്ദർശകപ്രവാഹം കണക്കിലെടുത്ത് സലാലയിൽ അധികൃതർ വൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
റാസൽഖൈമയിലെ ജബൽ അൽ ജെയ്സ്, ഫുജൈറയിലെ അൽ ഹജ്ർ മലനിരകൾ, വാദി അൽ വുറായ അണക്കെട്ട് എന്നിവിടങ്ങളിലും നല്ല തിരക്കായിരുന്നു.