നാടുകടത്തൽ നടപടിയുടെ കാലതാമസം : എംബസികളുടെ സഹകരണം അനിവാര്യമെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രി

കുവൈത്ത് സിറ്റി : കുവൈത്തിലെ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളവരെ കാലതാമസം കൂടാതെ നാടുകടത്തുന്നതിന് അതാത് രാജ്യങ്ങളുടെ എംബസികളുടെ സഹകരണം സുപ്രധാനമാണെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജെറാഹ് അൽ സബആഹ് പറഞ്ഞു. നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി മേധാവി അറ്റോർണി ജനറൽ മുഹമ്മദ് റാഷിദ് അൽ ദുവൈജുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രശ്ന പരിഹാരത്തിന് പബ്ലിക് പ്രോസിക്യൂഷൻ സ്വീകരിക്കേണ്ട അടിയന്തര നടപടികളും കൂടാതെ നാടുകടത്തൽ കേന്ദ്രത്തിലുള്ളവരെ സംബന്ധിക്കുന്ന പ്രശ്നപരിഹാരങ്ങളും ഇരുവരും ചർച്ച ചെയ്തു. രാജ്യത്തെ വിവിധ എംബസ്സികളും പബ്ലിക് പ്രോസിക്യൂഷനും തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് ഷെയ്ഖ് ഖാലിദ് ആവശ്യപ്പെട്ടു.