കുവൈത്തിൽ ഇനി മുതൽ തൊഴിൽ വിസകളിൽ ബാർകോഡ് രേഖപ്പെടുത്തും
കുവൈത്ത് സിറ്റി : വ്യാജ വിസ തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഇനി മുതൽ തൊഴിൽ വിസകളിൽ ബാർകോഡ് രേഖപ്പെടുത്തും. ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ മാൻപവർ അതോറിറ്റിയാണ് പുതിയ ബാർകോഡ് സംവിധാനത്തിനു ആരംഭംകുറിച്ചത്. മാൻപവർ അതോറിറ്റിയുടെ പുതിയ ഇലക്ട്രോണിക് സേവനജാലകമായ അസ്ഹലിന്റെ ഭാഗമായാണ് ബാർകോഡ് സംവിധാനം നടപ്പാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വേളയിൽ ഉദ്യോഗാർത്ഥിയുടെ രാജ്യത്തുള്ള കുവൈത്ത് എംബസിക്കോ കോൺസുലാർ വിഭാഗത്തിനോ ബാർകോഡിൽ രേഖപ്പെടുത്തിയ വിവരങ്ങളും തൊഴിലാളിയുടെ പാസ്പോർട്ട് രേഖകളും തമ്മിൽ ഒത്തു നോക്കുന്നതിനും വിസ സ്റ്റാന്പിങ്ങിനു മുന്പ് തൊഴിൽ പെർമിറ്റിന്റെ സാധുത കാലാവധി എന്നിവ പരിശോധിച്ച് ഉറപ്പു വരുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. വർക്ക് പെർമിറ്റിന് നിബന്ധനകളോടെ മൂന്ന് വർഷം വരെ കാലാവധി അനുവദിക്കുമെന്നും മാൻപവർ അതോറിറ്റി അറിയിച്ചു .
തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെ ലൈസൻസിനും തൊഴിലാളിയുടെ പാസ്പോർട്ടിനും മൂന്ന് വർഷത്തിലേറെ കാലാവധി ഉണ്ടായിരിക്കണം എന്നതാണ് മൂന്ന് വർഷത്തേക്ക് തുടർച്ചയായി വർക് പെർമിറ്റ് അനുവദിക്കുന്നതിന് മാനവശേഷി വകുപ്പ് ഏർപ്പെടുത്തിയ നിബന്ധന. കരാർ പാലിക്കുമെന്ന് തൊഴിലുടമയുടെ രേഖമൂലമുള്ള ഉറപ്പും ഹാജരാക്കണം. കാലാവധിയുള്ള പാസ്പോർട്ടിനൊപ്പം നിലവിലെ വർക്ക് പെർമിറ്റ്, തൊഴിലാളിയുടെ സിവിൽ ഐ.ഡി തൊഴിൽ കരാർ, തൊഴിൽ വകുപ്പിൽ നിന്നുള്ള സ്പോൺസറുടെ കയ്യൊപ്പ് സാക്ഷ്യപ്പെടുത്തുന്ന രേഖ, എന്നിവയുടെ പകർപ്പും ഫീസ് അടച്ചതിന്റെ രസീതിയും ആണ് തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് ആവശ്യമായ രേഖകൾ. കാലാവധി അവസാനിക്കുന്നതിന്റെ ആറ് മാസം മുന്പ് വർക്ക് പെർമിറ്റ് നിബന്ധനകളോടെ പുതുക്കാനും അനുവദിക്കും.
തൊഴിൽ വിസകളിൽ ബാർകോഡ് രേഖപ്പെടുത്തന്നതോടുകൂടി വ്യാജ വിസ വിതരണം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

