കുവൈത്തിൽ 2022ഓടെ സർക്കാർ മേഖല 100% സ്വദേശിവൽക്കരിക്കാൻ നീക്കം
കുവൈത്ത് സിറ്റി : 2022 ആവുന്പോഴേക്ക് കുവൈത്തിൽ സർക്കാർ മേഖല നൂറ് ശതമാനം സ്വദേശിവൽക്കരിക്കാൻ നീക്കം. സിവിൽ സർവ്വീസ് കമ്മീഷന്റെ നേതൃത്വത്തിൽ ഇതിന്വേണ്ട പ്രാരംഭ നടപടികൾ ആരംഭിച്ചതായാണ് സൂചന. സർക്കാർ മേഖലയിൽ നിന്ന് ഒഴിവാക്കാൻ പറ്റുന്ന വിദേശികളുടെ കൃത്യമായ കണക്ക് തയ്യാറാക്കാൻ എല്ലാ ഡിപ്പാർട്ടുമെന്റുകൾക്കും സിവിൽ സർവ്വീസ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
2018 ഏപ്രിൽ മുതൽ 2019 മാർച്ചുവരെ കാലത്തിനിടയിൽ ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കി നൽകണമെന്നാണ് നിർദ്ദേശം. തുടർന്നുള്ള വർഷങ്ങളിൽ നിശ്ചിത ശതമാനം വിദേശികളെ കുറച്ച് 2022 ആവുന്പോഴേക്ക് പദ്ധതി പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട തസ്തികകൾ, കലാ− സാംസ്കാരിക, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ, ഡിപ്പാർട്ടുമെന്റ് തലത്തിലെ മുഴുവൻ തസ്തികകൾ എന്നിവയെല്ലാം സന്പൂർണ സ്വദേശിവൽക്കരണ പദ്ധതിയുടെ പരിധിയിൽവരുമെന്നാണ് സൂചന.
അതേസമയം സർക്കാർ മേഖലയിൽ വിദേശികളെ പിൻവാതിൽ വഴി നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പാർലമെന്റ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഹംദാൻ അൽ ആസിമി, ഫൈസൽ അൽ കന്ദരി, മുഹമ്മദ് അൽ ഹുവൈല തുടങ്ങിയ പാർലമെന്റ് അംഗങ്ങളാണ് അനധികൃത നിയമനത്തിനെതിരെ രംഗത്തുവന്നത്. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ കൂടിവരുന്ന സാഹചര്യത്തിൽ വിദേശികളുടെ എണ്ണം കുറച്ച് ഇതിന് പരിഹാരം കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.

