വർദ്ധിപ്പിച്ച ചികിത്സാ ഫീസ് പുനരവലോകനം നടത്തുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി : വർദ്ധിപ്പിച്ച ചികിത്സാ ഫീസ് സംബന്ധിച്ച കാര്യത്തിൽ മൂന്നുമാസത്തിനുശേഷം പുനരവലോകനം നടത്തുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. വിദേശികളുടെ ചികിത്സാ നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. ഈ മാസം ഒന്നു മുതലാണ് പുതിയ നിരക്ക് നിലവിൽ വന്നത്.
ഇതിന് ശേഷം ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണത്തിൽ 30 ശതമാനം കുറവ് വന്നതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് ദിനാറിന് ലഭ്യമായ സൗകര്യം ഇപ്പോൾ പത്തും അതിൽ കൂടുതലും ദിനാർ ചിലവിലാണ് വിദേശികൾക്ക് ലഭിക്കുന്നത്. നിരക്കുവർദ്ധന കാരണം പതിവ് പരിശോധനയ്ക്കായുള്ള സന്ദർശനം ഒഴിവാക്കുന്ന വിദേശികളുമുണ്ട്.
നിരക്ക് വർദ്ധന നടപ്പിലാക്കിയതിന് ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തിയതിന് ശേഷം അണ്ടർ സെക്രട്ടറിമാർ ഉൾപ്പെടുന്ന സമിതി തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം ആക്ടിംഗ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ കസ്മി അറിയിച്ചു.