ആലപ്പുഴയിലും കണ്ണൂരിലും കോൺഗ്രസിന് പുതിയ സ്ഥാനാർത്ഥികൾ; കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ധാരണ

കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം തൃശ്ശൂരിൽ ചേർന്നു. സമിതിയുടെ പ്രഥമയോഗത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ നടന്നു. ആലപ്പുഴ കണ്ണൂർ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്താനാണ് തീരുമാനം.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. കണ്ണൂരിൽ സിറ്റിങ്ങ് എംപിയായ കെ സുധാകരൻ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. ആലപ്പുഴയിലെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുമ്പോൾ കെ സി വേണുഗോപാലിൻ്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന നിലപാട് യോഗത്തിലുണ്ടായി. ആലപ്പുഴയിലും കണ്ണൂരും എൽഡിഎഫ് സ്ഥാനാർത്ഥികൾ ആരാണെന്ന് നോക്കിയതിന് ശേഷം മാത്രം സ്ഥാനാർത്ഥിയെ തീരുമാനിക്കാമെന്നാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമതീരുമാനം തുടർചർച്ചകൾക്ക് ശേഷം മതിയെന്നും ധാരണയായി.
ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് കൊടിക്കുന്നിൽ സുരേഷ് യോഗത്തെ അറിയിച്ചു. വ്യക്തിപരമായ ചർച്ചകൾ വേണ്ടെന്നായിരുന്നു നേതൃത്വത്തിൻ്റെ നിലപാട്. സിറ്റിങ് എം പിമാർ തന്നെ രംഗത്ത് ഇറങ്ങേണ്ടി വരുമെന്ന നിലപാടാണ് നേതാക്കൾ യോഗത്തിൽ സ്വീകരിച്ചത്. എന്നാൽ പ്രതികൂല സാഹചര്യമുള്ള മണ്ഡലങ്ങളിലെ സിറ്റിങ്ങ് എം പിമാരെ മത്സരിപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പട്ടു.
സ്ഥാനാർഥികൾ ആരായാലും വിജയം ഉറപ്പിക്കാൻ മുന്നിട്ട് ഇറങ്ങണമെന്ന് നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഇതിനിടെ യോഗത്തിൽ നിന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടു നിന്നു. നേതൃത്വവുമായി നാളുകളായി ഇടഞ്ഞു നിൽക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ോേ്്േോ്േ