സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; 17ന് ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ച വിവാഹങ്ങളിൽ ഒന്നുപോലും മാറ്റിവച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം


സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന 17ന് ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ച വിവാഹങ്ങളിൽ ഒന്നുപോലും മാറ്റിവച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ. 17ന് നിശ്ചയിച്ച എല്ലാ വിവാഹങ്ങളും നടക്കും. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമായിരിക്കും നടത്തുകയെന്ന് ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ കെ പി വിനയൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റിവച്ചെന്നും റദ്ദാക്കിയെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിലാണ് ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാവിലെ ഏഴിനും ഒമ്പതിനും മദ്ധ്യേ ക്ഷേത്ര സന്നിധിയിൽ നടക്കേണ്ട വിവാഹങ്ങളുടെ സമയം നേരത്തെയാക്കാനാണ് ദേവസ്വം ബോർ‌ഡ് ശ്രമിക്കുന്നത്.

വിവാഹസംഘങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് സമയം നേരത്തെയാക്കുന്നത്. 64 വിവാഹങ്ങളാണ് 17ന് ഗുരുവായൂരിൽ നടക്കുന്നത്. ഇതിൽ 11ഓളം വിവാഹങ്ങളാണ് രാവിലെ ഏഴിനും ഒമ്പതിനും മദ്ധ്യേ നടക്കുന്നത്. ഈ വിവാഹങ്ങളുടെ സമയമാണ് മാറ്റുന്നത്. രാവിലെ അഞ്ചിനും ആറിനും ഇടയിൽ നിലവിൽ രണ്ട് വിവാഹങ്ങളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഏഴിനും ഒമ്പതിനും ഇടയിലുള്ള വിവാഹങ്ങൾ അഞ്ചിനും ആറിനും ഇടയിലേക്കോ ഒമ്പതിന് ശേഷമോ നടത്തുന്നതിനാണ് ദേവസ്വം ശ്രമം. 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അതിന് മുമ്പായി എട്ടോടെ മോദി ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണ് അറിയുന്നത്. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിവാഹത്തിൽ പങ്കെടുക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പൊലീസിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ചില കേന്ദ്രമന്ത്രിമാരും ഗവർണർമാരും ചടങ്ങിനെത്താൻ സാദ്ധ്യതയുണ്ട്. രാവിലെ ആറു മുതൽ പ്രധാനമന്ത്രി മടങ്ങുന്നതുവരെ ക്ഷേത്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ഭക്തർക്ക് തടസമാകാതിരിക്കാൻ കഴിഞ്ഞ തവണ 14 മിനിറ്റ് കൊണ്ട് ദർശനം പൂർത്തിയാക്കി മോദി ക്ഷേത്രത്തിന് പുറത്ത് കടന്നിരുന്നു.

article-image

asdasd

You might also like

  • Straight Forward

Most Viewed