പൊതുജനത്തിന്റെ സഹകരണം കൊണ്ട് പുറംലോകമറിഞ്ഞ മീനിന് 'പൊതുജനം' എന്ന് പേര്


ഡിസംബര്‍ 2020 ൽ കിണറ്റിൽ നിന്നും കണ്ടെത്തിയ മീനിന് 'പൊതുജനം' എന്ന് പേരിട്ടു. മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റില്‍ നിന്നുമാണ് മീനിനെ കണ്ടെത്തിയത്. പൊതുജനത്തിന്റെ സഹകരണം കൊണ്ടും പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാലും ശാസ്ത്രജ്ഞര്‍ പുത്തന്‍ മീനിന് 'പൊതുജനം' എന്ന് പേരിടുകയായിരുന്നു.

പുത്തൻ മീനിന് ഗവേഷകര്‍ നൽകിയ ശാസ്ത്രനാമം ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ്. ലാറ്റിന്‍ ഭാഷയില്‍ പോപ്പുലി എന്ന വാക്കിനർത്ഥം ജനങ്ങള്‍ എന്നാണ്. കിണറില്‍നിന്ന് മോട്ടോര്‍ വഴി ടാങ്കിലേക്കെത്തി തുടർന്ന് പൈപ്പിലൂടെ വന്ന ചെറുജീവിയെ കണ്ട് ഉണ്ടായ വീട്ടുകാരുടെ കൗതുകമാണ് കണ്ടെത്തലിലേക്ക് നയിച്ചത്. സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ വിവരം ഫിഷറീസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരിലേക്കെത്തി.

കുഫോസിലെ ശിവ് നാടാര്‍, രമ്യ എല്‍ സുന്ദര്‍, ഡോ രാജീവ് രാഘവന്‍, ന്യൂഡെല്‍ഹി ശിവ് നാടാര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സിലെ ഡോ നീലേഷ് ദഹാനുകര്‍, ജര്‍മനിയിലെ സെങ്കന്‍ ബെര്‍ഗ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ സി പി അര്‍ജുന്‍, ഡോ റാള്‍ഫ് ബ്രിറ്റ്സ് എന്നിവരുടെ നേതൃത്വത്തിലുളള ഗവേഷണമാണ് ആധികാരികമായി ഇതൊരു പുതിയ വിഭാഗത്തിൽപ്പെട്ട മീനാണെന്ന് ഉറപ്പിച്ചത്. കഴിഞ്ഞദിവസം ഇവരുടെ ഗവേഷണഫലങ്ങള്‍ വെര്‍ട്ടിബ്രേറ്റ് സുവോളജി എന്ന അന്താരാഷ്ട്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.

കണ്ണില്ലാത്ത വിഭാഗത്തിൽപ്പെട്ട മീനാണ് ഇപ്പോള്‍ കണ്ടെത്തിയ പോപ്പുലി. അതിനാൽ ഈ മീനിനെ കുരുടന്‍മുഴി എന്നു വിളിക്കാറുണ്ട്. 31 മില്ലീമീറ്റര്‍ നീളമാണിതിന്. ത്വക്ക് സുതാര്യമായതിനാല്‍ ഇതിന്റെ ശരീരത്തിനുള്‍വശം കാണാൻ സാധിക്കും. ഇതുവരെ രാജ്യത്ത് കണ്ടെത്തിയ 18 ഭൂഗര്‍ഭ മീനുകളുടെ ഇനങ്ങളില്‍ 12 എണ്ണവും കേരളത്തില്‍നിന്നുളളതാണ്. 1948-ല്‍ കോട്ടയത്തുനിന്നു കണ്ടെത്തിയ ഹോറാഗ്ലാനിസ് കൃഷ്ണയി ആണ് ഇന്ത്യയില്‍ ആദ്യത്തേത്. ഈ മീനിന്റെ സഹോദര വര്‍ഗത്തില്‍പ്പെട്ട ഇനത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

article-image

ghgfhgh

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed