കണ്ണൂരിൽ 58 ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വൻതോതിൽ പിടികൂടി. കണ്ണൂരിൽ 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ. പഴകിയതും പുഴുവരിച്ചതുമടക്കം ഉപയോഗ യോഗ്യല്ലാത്ത ഭക്ഷ്യസാധനങ്ങൾ വ്യാപകമായി പിടികൂടി. 58 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 19 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നാളുകളോളം പഴക്കമുള്ള ഭക്ഷ്യ ഉൽപന്നങ്ങളാണ് വിവിധ ഹോട്ടലുകളിലെ ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്നത്. പിടിച്ചെടുത്തതിൽ എറെയും ചിക്കന്‍ ഉത്പന്നങ്ങളാണ്.
20 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കും. വീഴ്ച ആവർത്തിക്കുന്ന ഹോട്ടലുകൾ അടപ്പിക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി രാജേഷ് പറഞ്ഞു.
പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ ഹോട്ടലുകളുടെ പേരുകൾ സഹിതം കണ്ണൂർ കോർപ്പറേഷന് മുന്നിൽ പ്രദർശിപ്പിച്ചു. എറണാകുളത്ത് വിവിധ സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. തൃപ്പൂണിത്തുറ അങ്കമാലി മൂവാറ്റുപുഴ മേഖലകളിൽ നടത്തിയ പരിശോധനയിൽ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
rturu