വേതനം വർദ്ധിപ്പിക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ‍ വീണ്ടും സമരത്തിലേക്ക്


വേതനവർ‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ‍ വീണ്ടും സമരത്തിലേക്ക്. ദിവസ വേതനം 1500 രൂപയാക്കി വർ‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വേതനവർ‍ധന ആവശ്യപ്പെട്ട് രണ്ട് തവണയായി നടന്ന ചർ‍ച്ചകൾ‍ ഫലം കാണാതെ വന്നതോടെയാണ് സമരത്തിലേക്ക് കടക്കുന്നത്. വ്യാഴാഴ്ച തൃശൂർ‍ ജില്ലയിലെ നഴ്‌സുമാർ‍ സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങൾ‍ അംഗീകരിച്ചില്ലെങ്കിൽ‍ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് നഴ്സുമാരുടെ സംഘനയായ യുഎന്‍എയുടെ തീരുമാനം. സ്വകാര്യ ആശുപത്രികളിൽ‍ തൊഴിൽ‍ നിയമങ്ങൾ‍ പാലിക്കപ്പെടുന്നുവെന്ന് സർക്കാർ ഉറപ്പാക്കുക, സ്വകാര്യ ആശുപത്രികളിൽ‍ തൊഴിൽ‍ വകുപ്പ് പരിശോധനകൾ‍ കർ‍ശനമാക്കുക, നിയമലംഘനം നടത്തുന്ന മാനേജ്‌മെന്‍റുകൾ‍ക്ക് നേരെ കർ‍ശന നടപടിയെടുക്കുക, കരാർ‍ നിയമനങ്ങൾ‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്‍എ ഉന്നയിക്കുന്ന മറ്റാവശ്യങ്ങൾ‍. വ്യാഴാഴ്ച തൃശൂർ‍ കളക്‌ട്രേറ്റിലേക്ക് നഴ്‌സുമാരുടെ പ്രതിഷേധമാർ‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ആവശ്യപ്പെട്ട വേതന വർ‍ധനയുടെ 50 ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തിൽ‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎൻഎ അറിയിച്ചു.

article-image

7iyi

You might also like

Most Viewed