മഞ്ഞുരുകുന്നു; ഗവർണറെ നയപ്രഖ്യാപനത്തിന് ക്ഷണിക്കാനൊരുങ്ങി പിണറായി സർക്കാർ

ഗവർണറുമായുള്ള പോര് അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ. നിയമസഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഗവർണർ വിട്ടുവീഴ്ചയ്ക്ക് തയാറായതോടെയാണ് ഗവർണറുമായി അനുനയത്തിലെത്താൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബർ 13നാണ് 15ാം നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ചത്. പക്ഷേ ഇക്കാര്യം ഇതുവരെ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സഭാ സമ്മേളനം നീട്ടിക്കൊണ്ടുപോയശേഷം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മേയിലേക്ക് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ നീക്കം.
മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതോടെ സഭാ സമ്മേളനം പിരിഞ്ഞു എന്ന കാര്യം ഇന്നു തന്നെ രാജ്ഭവനെ അറിയിക്കും. ഈ മാസം അവസാനത്തോടെ എട്ടാം സമ്മേളനം ചേർന്നേക്കുമെന്നാണ് സൂചന. ഈ സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും.
jghg