റിസോർട്ട് ആരംഭിച്ചത് അനുമതിയില്ലാതെ, വിവരാവകാശ രേഖയിൽ വ്യക്തം; കെ വി സജിൻ

ഇപി ജയരാജന് ബന്ധമുളള കണ്ണൂര്‍ ആയുര്‍വേദിക് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ റിസോർട്ട് നിർമ്മാണം ആരംഭിച്ചത് അനുമതിയില്ലാതെയായിരുന്നുവെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി കെ വി സജിൻ. നിർമ്മാണം ആരംഭിച്ചതിന് ശേഷമാണ് അനുമതികൾ പലതും നേടിയെടുത്തത്. മലിനീകരണ നിയന്ത്രണ ബോർഡിന്റേയും കുഴൽക്കിണർ നിർമ്മാണത്തിനും അനുമതി വാങ്ങിയിരുന്നില്ല. ഇതെല്ലാം വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിരുന്നുവെന്നും പരാതിക്കാരനായ സജിൻ വ്യക്തമാക്കി.
നിർമ്മാണ പ്രവർത്തനം നടക്കുന്നതിൽ ജനങ്ങൾക്ക് പരാതിയില്ലെന്ന റിപ്പോർട്ട് ആണ് തഹസിൽദാർ സമർപ്പിച്ചതെന്നും സജിൻ ആരോപിച്ചു. റിസോർട്ട് നിർമ്മാണത്തിനെതിരെ പരാതി നൽകിയതിന് കെ വി സജിനെ സിപിഐഎം പാർട്ടി അംഗത്വത്തിൽ നിന്ന് നീക്കിയിരുന്നു. യോഗങ്ങൾ അറിയിക്കാതിരിക്കുകയും പിന്നീട് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പുന്നക്കുളങ്ങര ബ്രാഞ്ച് അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.
വിവാദ ആയുര്‍വേദിക് റിസോര്‍ട്ടിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. ഇ പി ജയരാജന്റെ മകന്‍ ജയ്‌സണും സുഹൃത്തും ചേര്‍ന്ന് ആണ് റിസോർട്ട് രൂപീകരിച്ചത്. 2014-ല്‍ രൂപീകരിച്ച കമ്പനിയില്‍ ഇ പി ജയരാജന്റെ ഭാര്യയും ഡയറക്ടറാണ്. കഴിഞ്ഞവര്‍ഷമാണ് ജയരാജന്റെ ഭാര്യ ഇന്ദിര ഡയറക്ടറായത്. സിപിഐഎം സഹയാത്രികനായ കെ പി രമേഷ് കുമാറും ജയ്‌സണ് ഒപ്പം തുടക്കം മുതല്‍ തന്നെ കമ്പനിയുടെ പങ്കാളിയാണെന്നും പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ കമ്പനിയില്‍ 11 ഡയറക്ടര്‍മാരാണുള്ളത്.
ഇപി ജയരാജന് എതിരായ ആരോപണങ്ങള്‍ നാളെ ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പി ജയരാജന്റെ ആരോപണങ്ങളാണ് പി ബി പരിശോധിക്കുക. നാളെയും മറ്റന്നാളുമാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ ജയരാജന്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയുള്ള പരാതികളില്‍ പിബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ വിഷയം പരിശോധനയ്ക്ക് എടുക്കാന്‍ തന്നെയാണ് സാധ്യത.
rhy