കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് സമൻസുകൾ അയക്കരുതെന്ന് ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിന് തുടർ സമൻസുകൾ അയയ്ക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിന്‍റെ നടപടി തത്കാലത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. രണ്ട് മാസത്തേയ്ക്കാണ് സമൻസുകൾ അയയ്ക്കുന്നത് കോടതി മരവിപ്പിച്ചത്. എന്നാൽ കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. കേസിൽ ആർബിഐയുടെ വിശദീകരണം തേടുമെന്നും കോടതി പറഞ്ഞു.
ആർബിഐയുടെ അനുമതിയോടെയാണ് മസാല ബോണ്ട് വിതരണം നടത്തിയതെന്ന് തോമസ് ഐസക്കും കിഫ്ബിയും കോടതിയിൽ വാദിച്ച പശ്ചാത്തലത്തിലാണിത്. ആർബിഐ ചീഫ് മാനേജരെ കേസിൽ കക്ഷി ചേർക്കും. ആർബിഐയുടെ വിശദീകരണം കേട്ടശേഷമാണ് കേസിൽ അന്തിമവിധി പറയുക. നവംബർ 15ന് ഹർജി വീണ്ടും പരിഗണിക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇഡി തങ്ങൾ ചെയ്ത കുറ്റമെന്താണെന്ന് സമൻസിൽ വ്യക്തമാക്കിയിട്ടില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇഡി തുടർച്ചയായി നോട്ടീസുകൾ അയച്ച് വ്യക്തിഗത വിവരങ്ങൾ ചോദിക്കുകയാണെന്നും മൗലികാവകാശം ലംഘിക്കുന്ന സമൻസുകൾ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
drtufrt