ഓർഡിനൻസുകൾ വിശദമായി പഠിക്കാതെ ഒപ്പിടാനാകില്ലെന്നു കേരള ഗവർണർ

ഓർഡിനൻസുകൾ വിശദമായി പഠിക്കാതെ ഒപ്പിടാനാകില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതോടെ ലോകായുക്ത ഉൾപ്പെടെയുള്ള 11 ഓർഡിനൻസുകൾ ഇന്ന് അസാധുവായേക്കും. ഓർഡിനൻസുകൾ വിശദമായി പഠിച്ച് ഒപ്പുവയ്ക്കാൻ സമയം വേണം. എല്ലാം കൂടി ഒറ്റദിവസം കൊണ്ട് ഒപ്പുവയ്ക്കാനാകില്ലെന്നും ഗവർണർ നിലപാടറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറക്കാനുള്ളതാണ് ഓർഡിനൻസുകൾ. ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ നിയമ നിർമാണസഭകൾ എന്തിനാണെന്നും ഗവർണർ ചോദിച്ചു.
സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ബജറ്റ് ചർച്ചക്കായായിരുന്നു കഴിഞ്ഞ സഭാ സമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഗവർണറെ നേരിട്ട് കണ്ട് ഓർഡിനസുകളിൽ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചിരുന്നു. നിയമ നിർമ്മാണത്തിനായി ഒക്ടോബറിൽ നിയമസഭ ചേരുമെന്നാണ് സർക്കാരിന്‍റെ ഉറപ്പ്.