കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ‍ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ‍പ്പെട്ട് അന്തേവാസി മരിച്ചു


കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ‍ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ‍പ്പെട്ട് ഗുരുതര പരിക്കേറ്റ അന്തേവാസി മരിച്ചു. കൽ‍പ്പകഞ്ചേരി സ്വദേശി മുഹമ്മദ് ഇർ‍ഫാൻ (23) ആണ് മരിച്ചത്. സ്പൂൺ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്ന് രാത്രി 12.30ഓടെയാണ് മുഹമ്മദ് ഇർ‍ഫാൻ രക്ഷപെട്ടത്. റിമാൻഡ് തടവുകാരനായിരുന്നു ഇയാൾ‍. രക്ഷപ്പെട്ട് പോകുന്നതിനിടെ മലപ്പുറത്തുവച്ച് അപകടത്തിൽ‍പ്പെട്ട് ഇയാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ കോട്ടയ്ക്കൽ‍ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.

ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. കോട്ടയ്ക്കലിൽ വച്ച് മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ഓടിച്ച ബുള്ളറ്റ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് പരിക്കേൽക്കുകയായിരുന്നു. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാളെ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.

You might also like

  • Straight Forward

Most Viewed