വിജയ് ബാബു ടിക്കറ്റ് റദ്ദാക്കി; ഇന്ന് എത്തില്ല


യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു ദുബായിൽ നിന്നും ഇന്ന് കൊച്ചിയിലെത്തില്ല. നാട്ടിലെത്താൻ ബുക്ക് ചെയ്ത ടിക്കറ്റ് വിജയ് ബാബു റദ്ദാക്കി. ദുബായിൽ നിന്ന് രാവിലെ 9ന് എത്തുന്ന എമിറേറ്റ്സ് വിമാന ടിക്കറ്റാണ് റദ്ദാക്കിയത്. കേസിൽ വിജയ് ബാബുവിനന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മടക്കയാത്ര റദ്ദാക്കിയത്. നാട്ടിലേക്ക് മടങ്ങാത്ത സാഹചര്യത്തിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നാണ് അന്വേഷണ സംഘം ഉറ്റുനോക്കുന്നത്. 30ന് നടൻ എത്തിയില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിയിരുന്നു. കേസിൽ‍ വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർ‍ നടപടികൾ‍ സ്വീകരിച്ചാൽ‍ പോരെയെന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവർ‍ക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമാധികാര പരിധിയിൽ‍ പ്രതി വരുന്നതാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വാക്കാൽ‍ പറഞ്ഞത്. എന്നാൽ ഇന്നും വിജയ് ബാബു തിരിച്ചെത്താത്ത സാഹചര്യത്തിൽ കോടതി തീരുമാനം നിർണായകമാവും. 

പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നുവെന്നും പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്. വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയിൽ‍ ഹാജരാക്കിയിട്ടുണ്ട്. താൻ നിർമിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് വിജയ് ബാബു ഉപഹർജിയിൽ ആരോപിക്കുന്നുണ്ട്.കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാൽ‍ വിമാനത്താവളത്തിൽ‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

You might also like

Most Viewed