പൊലീസ് നിർദേശിക്കുന്ന സമയത്ത് ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് പിസി ജോർജ്

മതവിദ്വേഷ പ്രസംഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ച് മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. പൊലീസ് നിർദേശിക്കുന്ന സമയത്ത് ഹാജരാകാമെന്ന് അറിയിച്ച് പി സി ജോർജ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് കത്തയച്ചു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ഇന്നലെ ഹാജരാകാത്തതെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. ഞായറാഴ്ച്ചയായിരുന്നു പിസി ജോർജ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടിയിരുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചാരണത്തിൽ എൻഡിഎക്ക് വോട്ട് തേടി പിസി തൃക്കാക്കരയിൽ സജീവമായിരുന്നു.