റാലികളില്‍ എന്തും വിളിച്ചു പറയാമെന്നാണോ? ഇത്തരം മുദ്രാവാക്യങ്ങള്‍ ആരു വിളിച്ചാലും കര്‍ശന നടപടി വേണമെന്ന് ഹൈകോടതി

ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് മാര്‍ചില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി ഹൈകോടതി. സംഭവത്തില്‍ യുക്തമായ നടപടി സ്വീകരിക്കാന്‍ കോടതി സര്‍കാരിനു നിര്‍ദേശം നല്‍കി. മുദ്രാവാക്യം വിളിച്ചവര്‍ക്കു മാത്രമല്ല, പരിപാടിയുടെ സംഘാടകര്‍ക്കും സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
പോപുലര്‍ ഫ്രണ്ട്, ബജ്‌റങ് ദള്‍ റാലികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈകോടതിയുടെ മുന്‍പാകെ വന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നു പൊലീസിനു കര്‍ശന നിര്‍ദേശം നല്‍കിക്കൊണ്ട് റാലികള്‍ക്ക് കോടതി അനുമതി നല്‍കിയിരുന്നു.
ഇത്തരം മുദ്രാവാക്യങ്ങള്‍ ആരു വിളിച്ചാലും കര്‍ശന നടപടി വേണമെന്നു വ്യക്തമാക്കിയ കോടതി, റാലികളില്‍ എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത് എന്നും ചോദിച്ചു. ഇതിന് മറുപടിയായി പോപുലര്‍ ഫ്രണ്ട് മാര്‍ചിലെ മുദ്രാവാക്യം വിളി ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെതിരായ അന്വേഷണ നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും സര്‍കാര്‍ കോടതിയെ അറിയിച്ചു.