'അമ്മ’ തെരഞ്ഞെടുപ്പ്: മണിയൻ പിള്ള രാജുവും ശ്വേതാമേനോനും വൈസ് പ്രസിഡണ്ടുമാർ

കൊച്ചി
മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ നടന്ന തെരഞ്ഞെടുപ്പിൽ സംഘടനയുടെ വൈസ് പ്രസിഡന്റായി മണിയന്‍ പിള്ള രാജുവും ശ്വേതാമേനോനും തെരഞ്ഞെടുക്കപ്പെട്ടു. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ വിജയിച്ചു. ആശ ശരത്ത്, ഹണി റോസ്, നാസർ ലത്തീഫ്, നിവിൻ പോളി എന്നിവർ പരാജപ്പെട്ടു.
അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിംഗിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിച്ചത്. മണിയന്‍പിള്ള രാജുവിന് എതിരെ ഔദ്യോഗിക പാനലില്‍ നിന്നും ആശ ശരത്തും ശ്വേത മേനോനുമാണ് മത്സരിച്ചത്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിച്ചത്. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല.
അമ്മയുടെ ഭരണഘടന പുതുക്കിയതായി ബാബുരാജ് പറഞ്ഞു. സ്ത്രീകൾക്ക് വേണ്ടി അഞ്ചംഗ കമ്മിറ്റി നിലവിൽ വരും. സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും.