90 ബില്യൺ റിയാലിന്റെ മിച്ച ബജറ്റ് അവതരിപ്പിച്ച് സൗദി

ജിദ്ദ: സൗദി അറേബ്യ അടുത്ത വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 955 ബില്യൺ റിയാൽ ചെലവും 1045 ബില്യൺ റിയാൽ വരവും പ്രതീക്ഷിക്കുന്ന 90 ബില്യൺ റിയാൽ മിച്ച ബജറ്റാണ് സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അവതരിപ്പിച്ചത്.
വിഷൻ 2030ന് അനുസൃതമായി രാജ്യം സാന്പത്തിക പരിഷ്കാരങ്ങൾ തുടരുകയാണെന്നും അതിലൂടെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താനും മനുഷ്യവികസനത്തിനും സാന്പത്തിക വൈവിധ്യത്തിന്റെയും വളർച്ചയുടെയും തുടർച്ചയും സാന്പത്തിക സുസ്ഥിരതയും ലക്ഷ്യമാക്കുന്നതായും പ്രസ്താവിച്ചു.
2021നേക്കാൾ വരുമാനത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തുന്ന ബജറ്റ് കരുതൽ ധനം, വികസന ഫണ്ടുകൾ, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവ ശക്തിപ്പെടുത്തും. 2021 ൽ എണ്ണേതര വരുമാനത്തിൽ നിന്ന് 372 ബിൽയൺ റിയാലായിരുന്നു രാജ്യം സമാഹരിച്ചത്
ഈ വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള പ്രവർത്തനങ്ങളുടെ പ്രകടന സൂചകങ്ങളിൽ വളർച്ച രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എണ്ണേതര ഉൽപ്പാദനം 2022 ൽ 4.8 ശതമാനവും 2023 ലും 2024 ലും 5 ശതമാനവും വളരുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ സ്ഥിരീകരിച്ചു.