ചാത്തന്നൂരിൽ കഞ്ചാവ് കച്ചവടക്കാർ എക്സൈസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചു

ചാത്തന്നൂർ: കഞ്ചാവ് പിടിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ലഹരി മാഫിയ കുത്തി പരിക്കേൽപ്പിച്ചു. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ രാഹുൽ.ആർ രാജിനാണ് കുത്തേറ്റത്.മുഖത്തും ദേഹത്തും പരിക്കേറ്റ ഇദ്ദേഹത്തെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മയ്യനാട് കൂട്ടിക്കട ജംഗ്ഷന് കിഴക്ക് ആലുംമൂട് റോഡിലെ കലുങ്കിനടുത്തായിരുന്നു സംഭവം.ഇവിടം കേന്ദ്രീകരിച്ചു ലഹരി സാധനങ്ങളുടെ വില്പന നടക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ, കഞ്ചാവ് വാങ്ങാനെന്ന വ്യാജേന എത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. എക്സൈസ് ഓഫീസറെ കുത്തി പരിക്കേല്പിച്ച അക്രമി രാഹുൽ.ആർ.രാജിന്‍റെ മൊബൈൽ ഫോണും തട്ടിയെടുത്താണ് കടന്നു കളഞ്ഞത്. ഇവരിൽ ഒരാളെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. മയ്യനാട് ആക്കോലിൽ സുഭദ്രാലയത്തിൽ ജോയി (51) യാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. രാഹുൽ ആർ രാജിനെ കുത്തി പരിക്കേല്പിച്ച മയ്യനാട് ആക്കോലിൽ കുന്നിൻ തെക്കതിൽ വീട്ടിൽ സന്തോഷിനെ സന്ധ്യയോടെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.