കുറുവാസംഘത്തിലെ പിടികിട്ടാപ്പുള്ളി പയ്യന്നൂരിനടുത്ത് വെച്ച് പിടിയിലായി


പയ്യന്നൂർ: തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുപ്രസിദ്ധ കവർച്ചാസംഘമായ കുറുവാസംഘത്തിലെ പിടികിട്ടാപ്പുള്ളിയെ കണ്ണൂർ ജില്ലയിലെ ഒളിസങ്കേതത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കവർച്ചാകേസുകളിൽ പ്രതിയും പത്തു വർഷം മുന്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത കോഴിക്കോട് വളയം കല്ലാച്ചി ലക്ഷം വീട് കോളനിയിലെ രാജനെയാണ് മലപ്പുറം ജില്ലാ ക്രൈം സ്ക്വാഡ് പയ്യന്നൂരിനടുത്ത മാത്തിലിലെ ചൂരലിൽ നിന്ന് അറസ്റ്റ് ചെയ്തത്. പോലീസിന്‍റെ കണ്ണു വെട്ടിച്ച് പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂരലിലെ ഒളിസങ്കേതത്തിൽ കഴിയുകയായിരുന്നു ഇയാൾ. അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടാനായത്. മഞ്ചേരി, നിലന്പൂർ, പെരിന്തൽമണ്ണ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 11 കേസുകളിലാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. നേരത്തെ പാലക്കാട് ആലത്തൂരിൽനിന്ന് കുറുവാ സംഘത്തിലുൾപ്പെട്ട നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. 

തമിഴ്നാട് ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ തങ്കപ്പാണ്ടി, തഞ്ചാവൂർ സ്വദേശി ശെൽവി പാണ്ഡ്യൻ എന്നിവരായിരുന്നു നേരത്തെ അറസ്റ്റിലായത്. ഈ മോഷണസംഘത്തിലെ കണ്ണിയാണ് പിടിയിലായ രാജൻ. പകൽ‍സമയത്ത് ആക്രിസാധനങ്ങൾ‍ ശേഖരിക്കാനെത്തുന്നവരെ പോലെ നടിച്ച് മോഷണം നടത്താനുള്ള വീടുകളുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കിയാണ് ഇവർ മോഷണം ആസൂത്രണം ചെയ്യുന്നത്. മാരകായുധങ്ങളുമായി എത്തുന്ന കുറുവാസംഘം വാതിൽ തകർത്തും വീട്ടിലുള്ളവരെ ആക്രമിച്ച് മൃതപ്രായരാക്കിയുമാണ് കവർച്ച നടത്താറ്. 

വീടിന്‍റെ പുറത്തുള്ള പൈപ്പുകൾ തുറന്നിടുകയും വീട്ടുകാർ പൈപ്പ് പൂട്ടാനായി പുറത്തിറങ്ങുന്പോൾ ആക്രമിച്ച് മോഷണം നടത്തുന്നതും ചെറിയ കുട്ടികളുടെ ശബ്ദമുണ്ടാക്കിയശേഷം വീട്ടുകാർ വാതിൽ തുറക്കുന്പോൾ ആക്രമിച്ച് കവർച്ച നടത്തുന്നതും രാത്രികാലങ്ങളിൽ റോഡുകളിൽ പതിയിരുന്ന് യാത്രക്കാരെ ആക്രമിച്ച് സ്വർണവും പണവും കവരുന്നതും ഇവരുടെ രീതിയാണ്. രാത്രിയിൽ വീടിന് പുറത്തുള്ള പൈപ്പുകൾ തുറന്നിട്ട് വെള്ളമൊഴുകുന്ന ശബ്ദമോ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാലോ വാതിലുകൾ തുറക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സാഹചര്യത്തിൽ സമീപത്തെ വീട്ടുകാരെയും പോലീസിനെയും ഉടൻ വിവരം അറിയിക്കണമെന്നും പോലീസ് അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed