അദ്ധ്യാപകർക്ക് പുതിയ ഡ്രസ്സിംഗ് കോഡ്; വിജ്ഞാപനം പുറപ്പെടുവിച്ച് പാകിസ്ഥാൻ


ഇസ്ലാമാബാദ്: വനിതാ അധ്യാപകർ ജീൻസും ടൈറ്റ്സും ധരിക്കരുതെന്ന് പാകിസ്താൻ. ഇതുമായി ബന്ധപ്പെട്ട് പാകിസ്താന്റെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ വിജ്ഞാപനം പുറത്തിറക്കി. പുരുഷ അധ്യാപകരുടെ വസ്ത്രധാരണത്തെ കുറിച്ചും വിജ്ഞാപനത്തിൽ നിർദേശമുണ്ട്. പുരുഷ അധ്യാപകർ ജീൻസും ടി−ഷർട്ടും ധരിക്കരുതെന്നാണ് നിർദേശം. 

ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലർത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കത്തിൽ നിർദേശമുണ്ട്. ഇതിന്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ മുടിവെട്ടുക, താടി വെട്ടിയൊതുക്കുക, നഖം മുറിക്കുക, കുളിക്കുക, ഡിയോഡറന്റോ സുഗന്ധലേപനമോ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോലിസമയം, കാന്പസിൽ ചെലവഴിക്കുന്ന സമയം, ഔദ്യോഗിക കൂടിച്ചേരലുകൾ, യോഗങ്ങൾ എന്നിവയിലും ഈ നിർദേശങ്ങൾ പാലിക്കണം. അധ്യാപകർ ക്ലാസിനുള്ളിൽ ടീച്ചിങ് ഗൗണുകളും ലാബോറട്ടറികളിൽ കോട്ടുകളും ധരിക്കണം. സ്കൂളുകളിലെയും കോളേജുകളിലെയും ഗേറ്റിലെ സുരക്ഷാജീവനക്കാർക്കും മറ്റ് ജീവനക്കാർക്കും യൂണിഫോം വേണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ഔദ്യോഗിക യോഗങ്ങളിൽ ഫാൻസി അല്ലെങ്കിൽ പാർട്ടി വസ്ത്രങ്ങൾ വനിതാ അധ്യാപകർ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ലളിതവും മാന്യവുമായ സൽവാർ കമ്മീസ്, ട്രൗസർ, ഷർട്ടിനൊപ്പം ദുപ്പട്ട അല്ലെങ്കിൽ ഷാൾ എന്നിവയാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ശൈത്യകാലത്ത് അധ്യാപികമാർക്ക് മാന്യമായ നിറത്തിലും ഡിസൈനിലുമുള്ള കോട്ട്, ബ്ലേസർ, സ്വെറ്റർ, ജേഴ്സി, ഷാൾ തുടങ്ങിയവ ധരിക്കാം. പാദരക്ഷകളുടെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്. പന്പ്സ്, ലോഫർ, മ്യൂൾ തുടങ്ങിയ ഫോർമൽ ഷൂകളോ അല്ലെങ്കിൽ സ്നീക്കേഴ്സോ ഉപയോഗിക്കാം. സ്ലിപ്പറുകൾ ഉപയോഗിക്കരുത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed