പ്രസ്താവന നടത്തുന്പോൾ ജാഗ്രത പുലർത്തണമെന്ന് കെടി ജലീലിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള പരാതികളും ആക്ഷേപങ്ങളും ഇഡി അന്വേഷിക്കണമെന്നുള്ള ആവശ്യത്തിന് പിന്നാലെ കെ.ടി. ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിക്ക് മുന്നിൽ ഹാജരാകാൻ ഇരിക്കെയാണ് ജലീലിനെ വിളിപ്പിച്ചത്. പ്രസ്താവന നടത്തുന്പോൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ചന്ദ്രിക കേസിൽ പരാതിക്കാരൻ താനല്ലെന്നാണ് ജലീലിന്‍റെ മറുപടി. ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീൽ പറഞ്ഞു.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള പരാതികളും ആക്ഷേപങ്ങളും പരിഹരിക്കാൻ സംസ്ഥാനത്തു വകുപ്പു തലത്തിൽ തന്നെ സംവിധാനമുള്ളപ്പോൾ ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിന്‍റെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വവും. ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിന്‍റെ നടപടിയിൽ പാർട്ടി നേതൃത്വം അദ്ദേഹത്തെ അതൃപ്തിയും അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ‌്ട്രീയമായാണു പ്രവർത്തിക്കുന്നുവെന്ന ആക്ഷേപമാണു സിപിഎമ്മിനുള്ളത്. സ്വർണക്കടത്ത് അടക്കമുള്ള കേസുകൾ ചൂണ്ടിക്കാട്ടിയാണു ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ സിപിഎം എതിർക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ രാഷ‌്ട്രീയ എതിരാളികൾക്കെതിരെയാണെങ്കിൽ പോലും കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വാഗതം ചെയ്യുന്നതു തിരിച്ചടിയാകുമെന്നു കണ്ടാണു ജലീലിനു സിപിഎം കൈകൊടുക്കാത്തത്.