നിയമസഭാ കൈയാങ്കളി കേസ്: പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസഹർജികൾ തള്ളി

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസഹർജികൾ തള്ളി തിരുവനന്തപുരം സിജെഎം കോടതി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻ കുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്.
തടസഹർജി തള്ളിയതോടെ ഈ മാസം 23 മുതൽ എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹർജിയിൽ സിജെഎം കോടതി വാദം കേൾക്കും. കൈയാങ്കളി കേസിലെ ഒരു പ്രതി മന്ത്രിയായതിനാൽ പ്രോസിക്യൂഷന്‍ പക്ഷപാതപരമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് ചെന്നിത്തലയുടെ അഭിഭാഷകന്‍ നേരത്തെ കേസ് പരിഗണിക്കവെ കോടതിയിൽ വാദിച്ചത്. അതിനാൽ, സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തടസഹർജികളെല്ലാം പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കേസ് പിൻവലിക്കുന്നത് സംസ്ഥാനത്ത് ആദ്യമല്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ മറുവാദം.