കിറ്റെക്‌സിലെ നിയമലംഘനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ എംഎൽഎമാർ നൽകിയ കത്ത് പുറത്ത്

തിരുവനന്തപുരം: ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതുവരെ കിറ്റെക്സ് കന്പനിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന ആവശ്യവുമായി പിടി തോമസ് ഉൾപ്പെടെ നാല് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിന്റെ പകർപ്പ് പുറത്ത്. കഴിഞ്ഞമാസം രണ്ടിന് നൽകിയ കത്തിൽ കന്പനിയുടെ നിയമലംഘനങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസം ഒന്നിന് നിയമസഭയിൽ കടന്പ്രയാർ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് പി.ടി. തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് തൊട്ടടുത്ത ദിവസം പി.ടി.തോമസ്, ടി.ജെ.വിനോദ്, എൽദോസ് പി കുന്നപ്പിള്ളി, മാത്യു കുഴൽനാടന്‍ എന്നിവർ കത്തു നൽകിയത്.
കിറ്റെക്സ് കന്പനിയുടെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവിൽ പ്രവർത്തിക്കുന്നില്ല. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനസജ്ജമാകും വരെ കിറ്റെക്സ് കന്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാണ് എംഎൽഎമാരുടെ ആവശ്യം. ഇതുൾപ്പെടെ ആറ് ആവശ്യങ്ങളടങ്ങിയ കത്തിന്റെ കോപ്പി പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവർക്കും നൽകിയിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ കൂടി ആവശ്യത്തിലായിരുന്നു കിറ്റെക്സ് കന്പനികളിലെ പരിശോധനയെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവായാണ് നാല് എംഎൽഎമാർ നൽകിയ കത്തിനെ ഭരണപക്ഷം കാണുന്നത്. എറണാകുളം ജില്ലയിലെ കോൺഗ്രസ് ജനപ്രതിനിധികൾ കിറ്റെക്സിനെതിരെ കർശന നിലപാട് സ്വീകരിക്കുന്പോൾ കെ.മുരളീധരനടക്കമുള്ള മുതിർന്ന നേതാക്കൾക്ക് അനുകൂല സമീപനമാണുള്ളത്.